ചണ്ഡീഗഢ്: വിമാനത്തിലെ എമർജൻസി ഗേറ്റിന് മുന്നിൽ ബാഗ് സൂക്ഷിച്ചതിനെച്ചൊല്ലി യാത്രക്കാരിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് വിമാനം മൂന്ന് മണിക്കൂർ വൈകി. വെള്ളിയാഴ്‌ച(19.08.2022) ചണ്ഡീഗഢ് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള 6E55 നമ്പർ ഇൻഡിഗോ വിമാനത്തിലാണ് സംഭവം. വൈകിട്ട് 5.40ന് പുറപ്പെടാനിരുന്ന വിമാനത്തിൽ മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യാനെത്തിയ 44 കാരിയാണ് തന്‍റെ ബാഗുകളിലൊന്ന് വിമാനത്തിന്‍റെ എമർജൻസി ഗേറ്റിന് സമീപം സൂക്ഷിച്ചത്.
വിമാനത്തില്‍ നിന്ന് പുറത്താക്കി: എമർജൻസി ഗേറ്റിന് സമിപം ബാഗ് സൂക്ഷിക്കാൻ പാടില്ല എന്ന വിവരം വിമാന ജീവനക്കാർ അറിയിച്ചെങ്കിലും യുവതി ബാഗ് മാറ്റാൻ തയ്യാറായില്ല. തുടർന്ന് ക്രൂ അംഗങ്ങൾ ബാഗ് ഓവർഹെഡ് ലഗേജ് കമ്പാർട്ടുമെന്‍റിൽ വയ്‌ക്കാൻ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും യുവതി അത് അംഗീകരിച്ചില്ല. ഒരു മണിക്കൂറിലധികം തർക്കം നീണ്ടു.
തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ യുവതിയെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. നിയമമനുസരിച്ച് എമർജൻസി ഗേറ്റിന് സമീപം ബാഗുകൾ സൂക്ഷിക്കാൻ പാടില്ലെന്ന വിവരം യാത്രക്കാരും യുവതിയോട് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യാത്രക്കാരിയുമായി ഉണ്ടായ ബഹളത്തെ തുടർന്ന് രാത്രി 7.40നാണ് വിമാനം ദുബായിലേക്ക് പുറപ്പെട്ടത്.
Also read: ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി: അപകടം ഒഴിവായത് തലനാരിഴക്ക്