പൂനെ (മഹാരാഷ്‌ട്ര) : പൂനെ വിമാനത്താവളത്തിൽ 20 ലക്ഷത്തിലധികം രൂപ വരുന്ന സ്വർണം പിടികൂടി കസ്റ്റംസ്. ദുബായിൽ നിന്ന് എത്തിയ 41 കാരിയിൽ നിന്നാണ് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ 423 ഗ്രാം സ്വർണപ്പൊടി പിടികൂടിയത്. സ്വർണം പൊടിയാക്കി ചെറിയ കാപ്‌സ്യൂളിന്‍റെ രൂപത്തിൽ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു.
കസ്റ്റംസ് ആക്‌ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ദുബായിൽ നിന്ന് ഒരു സ്‌ത്രീ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം കൊണ്ടുവരുന്നതായി കസ്റ്റംസ് വിഭാഗത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ പൊലീസ് സുരക്ഷ ശക്‌തമാക്കിയിരുന്നു.
ഇതിനിടെ ദുബായിൽ നിന്നുള്ള വിമാനം പൂനെയിൽ എത്തിയപ്പോൾ ഒരു സ്‌ത്രീ പരിഭ്രാന്തയായി വിമാനത്താവളത്തിന് പുറത്തേക്ക് പോകുന്നത് സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് സംശയം തോന്നിയ സുരക്ഷ ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിൽ സ്വർണപ്പൊടി ക്യാപ്‌സ്യൂളുകളാക്കി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇവർ സമ്മതിച്ചു. തുടർന്ന് യുവതിയെ ആശുപത്രിയിൽ കൊണ്ടുപോയി എക്‌സ്റേയിലൂടെ സ്വർണം ഉണ്ടെന്ന് ഉറപ്പിക്കുകയായിരുന്നു. 20,30,000 രൂപ വില വരുന്ന 423.41 ഗ്രാം സ്വർണപ്പൊടിയാണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തത്.
സ്വർണക്കടത്തിന്‍റെ ഹബ്ബായി നെടുമ്പാശ്ശേരി : അതേസമയം കേരളത്തിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട നിത്യ സംഭവമായി മാറിയിരിക്കുകയാണ്. മെയ് മാസം മാത്രം അര ഡസനോളം യാത്രക്കാരെയാണ് സ്വർണക്കടത്ത് കേസിൽ എയർപോർട്ട് കസ്റ്റംസ് പിടികൂടിയത്.
മെയ് മാസത്തില്‍ ജിദ്ദയിൽ നിന്ന് കൊച്ചിയിലെത്തിയ വയനാട് സ്വദേശി മൊയ്‌തീനിൽ നിന്ന് 1274.46 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഇൻഡിഗോ എയർലൈൻസ് ഫ്ലൈറ്റിൽ ജിദ്ദയിൽ നിന്ന് മുംബൈയിലേക്ക് വന്നതിന് ശേഷം മുംബൈയിൽ നിന്ന് ഇയാൾ കൊച്ചിയിലേക്ക് എത്തുകയായിരുന്നു.
നാല് ക്യാപ്‌സ്യൂളുകൾക്കുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം ഇയാൾ മുംബൈ വരെ എത്തിച്ചത്. എന്നാൽ ശേഷം സ്വർണം ഇയാൾ ബാഗിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ആഭ്യന്തര വിമാനത്തിൽ കൊച്ചിയിലേക്ക് എത്തി. കൊച്ചി വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് ഡിആർഐ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
മെയ് രണ്ടിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 1784.09 ഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടിയിരുന്നു. സംഭവത്തിൽ പാലക്കാട് സ്വദേശിയായ മുഹമ്മദ് സഹീറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തിരുന്നു. 84 ലക്ഷത്തോളം രൂപ വില മതിക്കുന്ന സ്വർണമാണ് കസ്റ്റംസ് ഇയാളിൽ നിന്ന് പിടികൂടിയത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. 1199.34 ഗ്രാം തൂക്കമുള്ള സ്വർണം നാല് ക്യാപ്‌സ്യൂളുകളായി ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് ആദ്യം പിടികൂടിയത്. പിന്നാലെ നടത്തിയ പരിശോധനയിൽ കുഴമ്പ് രൂപത്തിലാക്കിയ 584.75 ഗ്രാം സ്വർണം ഇയാൾ ധരിച്ചിരുന്ന പാന്‍റിന്‍റെ അര ഭാഗത്ത് തുന്നി ചേർത്ത നിലയിലും കണ്ടെടുക്കുകയായിരുന്നു.