ബെംഗളൂരു: അമ്മായിയമ്മയെ കൊലപ്പെടുത്തിയ കേസില്‍ മരുമകളും കാമുകനും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍ (Woman Arrested For Killing Mother in law). ബദരഹള്ളി സ്വദേശിയായ രശ്‌മി, കാമുകന്‍ അക്ഷയ്, ഇയാളുടെ കൂട്ടാളിയായ പുരുഷോത്തം എന്നിവരാണ് അറസ്റ്റിലായത്. ബദരഹള്ളി സ്വദേശിയായ ലക്ഷ്‌മമ്മയാണ് (50) കൊല്ലപ്പെട്ടത്. ഒക്‌ടോബര്‍ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം.
ഉറക്ക ഗുളിക നല്‍കിയതിന് ശേഷം ഉറങ്ങി കിടന്ന ലക്ഷ്‌മമ്മയെ മൂവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഹൃദയാഘാതം മൂലം അമ്മ മരിച്ചുവെന്നാണ് രശ്‌മി പറഞ്ഞത്. സംഭവ സമയത്ത് രശ്‌മിയുടെ ഭര്‍ത്താവും ലക്ഷ്‌മമ്മയുടെ മകനുമായ മഞ്ജുനാഥ് സ്ഥലത്തുണ്ടായിരുന്നില്ല. ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് കാമുകനെയും കൂട്ടാളിയെയും രശ്‌മി വിളിച്ച് വരുത്തുകയായിരുന്നു.
വീട്ടിലെ സാമ്പത്തിക ഇടപാടുകളെ ചൊല്ലി ലക്ഷ്‌മമ്മയും രശ്‌മിയും നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇവരുടെ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്നയാളാണ് അക്ഷയ്. നിരന്തരം വഴക്കുകളെ തുടര്‍ന്ന് കുടുംബത്തിന്‍റെ മുഴുവന്‍ സമ്പാദ്യവും കൈക്കലാക്കാന്‍ വേണ്ടിയാണ് രശ്‌മി അമ്മായിയമ്മയെ കൊലപ്പെടുത്തിയത്.
പ്രതികളെ കുടുക്കിയത് ചാറ്റിങ്: ലക്ഷ്‌മമ്മ മരിച്ചതിന് കാരണം ഹൃദയാഘാതമാണെന്നാണ് രശ്‌മി പുറത്ത് പറഞ്ഞത്. എന്നാല്‍ ഇതേ കെട്ടിടത്തില്‍ വാടകയ്‌ക്ക് താമസിക്കുന്ന രാഘവേന്ദ്ര എന്നയാള്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു. മരണത്തിന് പിന്നാലെ ഇക്കാര്യം രാഘവേന്ദ്ര മഞ്ജുനാഥിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.
സംശയം തോന്നിയ മഞ്ജുനാഥ് രശ്‌മിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് രശ്‌മിയും അക്ഷയ്‌യും തമ്മിലുള്ള ചാറ്റുകള്‍ കണ്ടെത്തിയത്. കൊലപാതകത്തിന്‍റെ ഗൂഢാലോചനയെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ മഞ്ജുനാഥ് ബദരഹള്ളി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രശ്‌മിയും കാമുകനും കൂട്ടാളിയും പിടിയിലായത്.
അമ്മയെ മര്‍ദിച്ച് കൊലപ്പെടുത്തി മകന്‍: കാസര്‍കോട് നിന്നും അടുത്തിടെയാണ് മകന്‍ അമ്മയെ മര്‍ദിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത പുറത്തുവന്നത്. നീലേശ്വരം കാണിച്ചറ സ്വദേശിയായ രുഗ്‌മിണിയാണ് മരിച്ചത്. മകന്‍ സുജിത്തിന്‍റെ അടിയേറ്റ് പരിക്കേറ്റ രുഗ്‌മിണി ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമ്മയുടെ അമിത ഫോണ്‍ കോളുകള്‍ ചോദ്യം ചെയ്‌തതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.
മര്‍ദനത്തില്‍ തലയ്‌ക്ക് ഗുരുതര പരിക്കേറ്റതാണ് മരണ കാരണം. ഫോണ്‍ വിളികളെ ചൊല്ലി ഇരുവരും നിരന്തരം തര്‍ക്കമുണ്ടാകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ സുജിത്തിനെ വൈദ്യ പരിശോധനയ്‌ക്ക് വിധേയനാക്കി. യുവാവ് മാനസിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി. ഇതോടെ ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.