ബെംഗളൂരു: വ്യാജഗർഭം അഭിനയിച്ച് കബളിപ്പിക്കുന്ന കഥകൾ സീരിയലുകളിലും സിനിമകളിലുമൊക്കെയാവും നാം അധികവും കേട്ടിട്ടുണ്ടാവുക. എന്നാൽ അത്തരമൊരു വാർത്തയാണ് കർണാടകയിലെ രാമനഗരയിൽ നിന്നും പുറത്തു വരുന്നത്. അതും ഒന്നും രണ്ടും മാസമല്ല, ഒമ്പത് മാസത്തോളമാണ് ഗർഭിണിയെന്ന വ്യാജേന യുവതി ഭർത്താവിനെയും വീട്ടുകാരെയുമൊക്കെ കബളിപ്പിച്ചത്.
ഗർഭിണിയെന്ന് വിശ്വസിപ്പിച്ചത് ഒമ്പത് മാസം!
വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് സുഷമ എന്ന യുവതി വ്യാജഗർഭം ധരിക്കാൻ തീരുമാനിക്കുന്നത്. ഒമ്പത് മാസങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് പോയ സുഷമ തുടർന്ന് പത്ത് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ അനധികൃതമായി ദത്തെടുക്കുകയായിരുന്നു. സർക്കാർ ജീവനക്കാരനായ ഭർത്താവും കുടുംബവും ഇത് സുഷമ ജന്മം നൽകിയ കുഞ്ഞാണെന്ന് വിശ്വസിച്ചു.
കുഞ്ഞിനെ വാങ്ങിയത് 70,000 രൂപയ്‌ക്ക്
കുഞ്ഞുങ്ങളെ വിൽക്കുന്ന ഒരു സംഘത്തിന്‍റെ പക്കൽ നിന്നാണ് കുഞ്ഞിനെ വാങ്ങിയത്. ഒരു അങ്കണവാടി പ്രവർത്തക വഴിയാണ് യുവതി അനധികൃതമായി കുഞ്ഞിനെ കൈവശം വച്ചിരിക്കുന്നതായും സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ദത്തെടുക്കൽ നടപടി സ്വീകരിച്ചിട്ടില്ലെന്നും പുറംലോകമറിയുന്നത്.
ALSO READ: ഗെയിം കളിച്ച് 40,000 രൂപ നഷ്ടപ്പെട്ടു; മധ്യപ്രദേശില്‍ 13 കാരന്‍ ആത്‌മഹത്യ ചെയ്‌തു
സംശയത്തെ തുടർന്ന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും അമ്മയെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമടക്കമുള്ള രേഖകൾ ഒരാഴ്‌ചയ്‌ക്കകം ശിശുക്ഷേമ വകുപ്പിന് കൈമാറാൻ അധികൃതർ നിർദേശിച്ചു. മതിയായ രേഖകൾ നൽകാത്തതിനെ തുടർന്നായിരുന്നു യുവതിയുടെ അറസ്റ്റ്. അന്വേഷണത്തിൽ സുഷമയ്‌ക്ക് മേൽപറഞ്ഞ സംഘവുമായി ബന്ധമുള്ളതായും അവരുടെ പക്കൽ നിന്നും 70,000 രൂപയ്‌ക്ക് കുഞ്ഞിനെ വാങ്ങിയതായും കണ്ടെത്തി. സംഭവത്തിൽ സുഷമയെയും നാലംഗ സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
അറസ്റ്റിലായവർക്ക് പുറമേ സംഘത്തിൽ കൂടുതൽ കണ്ണികളുണ്ടോ എന്ന് അന്വേഷിക്കുമെന്ന് എസ്‌പി ഗിരീഷ് അറിയിച്ചു. അതേസമയം കുഞ്ഞിനെ യഥാർഥ അമ്മയ്‌ക്ക് തിരികെ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.