ബെംഗളുരു: കർണാടകയിൽ വീണ്ടും രാഷ്‌ട്രീയ അനശ്ചിതാവസ്ഥയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും ഗ്രാമീണ വികസന മന്ത്രി ഈശ്വരപ്പയും തമ്മിലുള്ള അസ്വാരസ്യങ്ങൾ പാർട്ടിയെയും സർക്കാരിനെയും നേരിട്ട് ബാധിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങൾ. യെദ്യൂരപ്പക്കെതിരെ മന്ത്രി ഈശ്വരപ്പ ഗവർണർക്ക് പരാതി നൽകി. സംസ്ഥാനത്തിന്‍റെ രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിക്കെതിരെ മന്ത്രി ഗവർണർക്ക് പരാതി നൽകുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ നേരിട്ട് വെല്ലുവിളിക്കുകയായിരുന്നു ഈശ്വരപ്പ.
മന്ത്രിസഭാ വിപുലീകരണത്തെ തുടർന്ന് ഇതിനകം തന്നെ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിട്ടുണ്ട്. നേതൃമാറ്റത്തെപ്പറ്റിയും പാർട്ടിയിൽ സജീവ ചർച്ചകൾ നടക്കുന്നുണ്ട്. എംഎൽഎമാർ വസതികളിലും ഹോട്ടലുകളിലുമായി പ്രത്യേകം യോഗങ്ങൾ ചേരുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് എംഎൽഎ ബസംഗൗദ പാട്ടീൽ യത്‌നാലാണ് ആദ്യം നേതൃമാറ്റം ആവശ്യപ്പെട്ടത്. തുടർന്നാണ് മന്ത്രി ഈശ്വരപ്പയും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ഗവർണർക്ക് പുറമെ ഹൈക്കമാന്‍റിനും ഈശ്വരപ്പ പരാതി നൽകിയിട്ടുണ്ട്.
ഇതിനകം യെദ്യൂരപ്പയോട് അടുത്ത മന്ത്രിമാരും എംഎൽഎമാരും ഈശ്വരപ്പക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പാർട്ടിക്കകത്ത് ഈ പ്രശ്‌നങ്ങൾ ചർച്ച ചെയ്‌തിട്ടില്ലെന്നും അതിനാൽ അഭിപ്രായം പുറത്തുപറയാനാകില്ലെന്നും ഈശ്വരപ്പ പ്രതികരിച്ചു. ഇതിന് മുമ്പും ഈശ്വരപ്പ യെദ്യൂരപ്പക്കെതിരെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്.