മുംബൈ : ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് എന്‍സിബി (നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ) ക്ലീന്‍ ചിറ്റ് നല്‍കിയതോടെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായ സമീര്‍ വാങ്കഡെക്കെതിരെ നടപടിയെടുക്കുമോയെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുകയാണ് നവാബ് മാലിക്. 'ഓഫീസ് ഓഫ് നവാബ് മാലിക്' എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വെള്ളിയാഴ്‌ച ചോദ്യം പ്രത്യക്ഷപ്പെട്ടത്.
"ഇപ്പോള്‍ ആര്യന്‍ ഖാനും മറ്റ് അഞ്ച് പേര്‍ക്കും ക്ലീന്‍ ചിറ്റ് ലഭിച്ചു. സമീര്‍ വാങ്കഡെയ്ക്കും അന്വേഷണ സംഘത്തിനുമെതിരെ എന്‍സിബി നടപടിയെടുക്കുമോ? അതോ കുറ്റവാളികളെ സംരക്ഷിക്കുമോ?'- ഇങ്ങനെയായിരുന്നു ട്വീറ്റ്.
also read: ലഹരിമരുന്ന് കേസില്‍ ആര്യന്‍ഖാന് ക്ലീന്‍ ചിറ്റ്
ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍സിബി സോണല്‍ ഡയറക്‌ടറായിരുന്ന സമീര്‍ വാങ്കഡെക്കെതിരെ മാലിക്കാണ് ആദ്യമായി ചോദ്യമുന്നയിച്ചത്. കഴിഞ്ഞ ഒക്‌ടോബറില്‍ ക്രൂയിസ് കപ്പലില്‍ റെയ്‌ഡ് നടത്തി ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത വാങ്കഡെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതും മാലിക് ചോദ്യം ചെയ്‌തിരുന്നു.