ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിൽ പുതിയ ഐടി ചട്ടങ്ങൾക്കെതിരെ ഹർജി സമർപ്പിച്ച വാട്‌സപ്പിനെ വിമർശിച്ച് സൈബർ സുരക്ഷാ സ്ഥാപനമായ നെത്രിക. വാട്‌സാപ്പ്, ട്വിറ്റർ, ഫെയ്‌സ്‌ബുക്ക് എന്നീ സമൂഹ മാധ്യമങ്ങൾക്ക് രാജ്യത്തെ നിയമം പാലിക്കേണ്ടിവരുമെന്നും ഇത് ഇന്ത്യ ആണെന്നും നെത്രിക കൺസൾട്ടൻസി മാനേജിംഗ് ഡയറക്‌ടർ സഞ്ജയ് കൗശിക് പറഞ്ഞു. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയൊക്കെ യുഎസ് കമ്പനികളാണെന്ന് ആളുകൾ മനസിലാക്കണം. യുഎസിൽ ഈ കമ്പനികൾക്ക് സ്വകാര്യത സംവിധാനങ്ങൾ ഉണ്ടായിരിക്കാമെന്നും യുഎസ് സ്വകാര്യതയുടെ കാര്യത്തിൽ വളരെ കർശനമാണെന്നും അദ്ദേഹം പറഞ്ഞു. യുഎസിന് ഒരാളുടെയും സ്വകാര്യത വെളിപ്പെടുത്താൻ ഒരു കമ്പനിയെയും നിർബന്ധിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാലാണ് ഒരു ഭീകരാക്രമണ കേസിന്‍റെ ഭാഗമായി പിടിച്ചെടുത്ത ഐഫോൺ തുറന്ന് നൽകാൻ കമ്പനി കോടതിയിൽ പോലും വിസമ്മതിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: കേന്ദ്രസര്‍ക്കാറിന്‍റെ ഐടി നിയമത്തിനെതിരെ വാട്സ്ആപ്പ് കോടതിയെ സമീപിച്ചു
എന്നാൽ ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ ഈ കമ്പനികൾ ബാധ്യസ്ഥരാണെന്ന് കൗശിക് പറഞ്ഞു. കമ്പനികളെ നിയമത്തെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നതായും ആവശ്യത്തിന് സമയം നൽകിയിരുന്നതായും കൗശിക് പറഞ്ഞു. ഏത് രാജ്യത്താണെങ്കിലും ആ രാജ്യത്തെ നിയമങ്ങൾ പാലിക്കുക എന്നുള്ളത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് വാട്‌സാപ്പ് നേരത്തെ കോടതിയിൽ പോകാതിരുന്നതെന്നും നിയമം നടപ്പാക്കുന്നതിന് മുൻപുള്ള അവസാന ദിവസം വരെ കാത്തിരുന്നത് എന്തിനായിരുന്നു എന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്ര സർക്കാരിന്‍റെ പുതിയ നിയമം സന്ദേശം അയക്കുന്നവരുടെ സ്വകാര്യതയെ തകർക്കുമെന്ന് ആരോപിച്ചാണ് വാട്‌സ്ആപ്പ് ഡൽഹി ഹൈകോടതിയെ സമീപിച്ചത്. പുതിയ നിയമത്തിലെ ഒരു വകുപ്പ് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്‍റെ ലംഘനമാണെന്നാണ് വാട്‌സ്ആപ്പിന്‍റെ വാദം. ഒരു സന്ദേശത്തിന്‍റെ ഉറവിടം ആരാണെന്ന് സർക്കാർ ആവശ്യപ്പെട്ടാൽ അത് വെളിപ്പെടുത്തണമെന്നാണ് പുതിയ ചട്ടം പറയുന്നത്. തെറ്റായ സന്ദേശങ്ങൾ അയക്കുന്നവരെ മാത്രം വെളിപ്പെടുത്തിയാൽ മതിയെന്നും കേന്ദ്രം നിലപാട് എടുത്തിട്ടുണ്ട്. എന്നാൽ, ഇത് പ്രായോഗികമല്ലെന്നാണ് കമ്പനി പറയുന്നത്. വാട്‌സ്ആപ്പ് സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സാങ്കേതികവിദ്യയിലാണ് അയക്കുന്നതും സ്വീകരിക്കുന്നതും. ചട്ടങ്ങൾ നടപ്പാക്കുന്നതിലൂടെ സന്ദേശം ലഭിക്കുന്നവരുടേയും അയക്കുന്നവരുടേയും സ്വകാര്യത ഇല്ലാതാകുമെന്നും വാട്‌സ്ആപ്പ് വാദിച്ചു.
Also Read: ഐടി നിയമം; കേന്ദ്രത്തിന് വഴങ്ങി ഗൂഗിള്‍
ഇന്ത്യ സർക്കാർ പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങൾ പ്രകാരം രാജ്യത്തെ ഒടിടി പ്ലാറ്റ്ഫോമുകൾക്കും ഡിജിറ്റൽ പോർട്ടലുകൾക്കും സാമൂഹ്യ മാധ്യമങ്ങൾക്കും പരാതി പരിഹാര സംവിധാനം നിർബന്ധമാണ്. കമ്പനികൾ ഒരു പരാതി പരിഹാര ഓഫീസറെയും നിയമിക്കണമെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. പരാതികൾ 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യണമെന്നും 15 ദിവസങ്ങൾക്കുള്ളിൽ തീർപ്പാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഉപയോക്താക്കളുടെ അന്തസിനെതിരെ, പ്രത്യേകിച്ചും സ്ത്രീകളുടെയോ വ്യക്തികളുടെയോ നഗ്നത, ലൈംഗിക പ്രവർത്തി അല്ലെങ്കിൽ ആൾമാറാട്ടം തുടങ്ങിയവയെക്കുറിച്ച് പരാതികൾ ഉണ്ടെങ്കിൽ, പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ അത് നീക്കം ചെയ്യാൻ സാമൂഹ്യ മാധ്യമങ്ങൾ തയ്യാറാകണമെന്നും സർക്കാർ മാർഗനിർദേശത്തിൽ കൂട്ടിച്ചേർത്തു.
മാർഗനിർദ്ദേശങ്ങൾ പ്രകാരം സാമൂഹ്യ മാധ്യമങ്ങൾ നിയമവും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഇന്ത്യയിൽ താമസിക്കുന്ന ഒരു ചീഫ് കംപ്ലയിൻസ് ഓഫീസറും നിയമ നിർവഹണ ഏജൻസികളുമായി എല്ലാ സമയവും ഏകോപനത്തിനായി ഇന്ത്യയിൽ താമസിക്കുന്ന ഒരു നോഡൽ ഓഫീസറും ഉണ്ടായിരിക്കണം. ലഭിച്ച പരാതികളുടെ എണ്ണവും അവയിൽ എത്ര എണ്ണം പരിഹരിച്ചു എന്നതുമായി ബന്ധപ്പെട്ട പ്രതിമാസ റിപ്പോർട്ടും കമ്പനികൾ പ്രസിദ്ധീകരിക്കേണ്ടതാണ്.