കൊൽക്കത്ത: നാലാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിൽ 78.43 ശതമാനം റെക്കോഡ് പോളിങുമായി പശ്ചിമബംഗാൾ. അഞ്ച് ജില്ലകളിലെ 44 നിയോജകമണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് അലിപുർദ്വാർ ജില്ലയിലാണ്. 81.07 ശതമാനം വോട്ടുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. എന്നാൽ കൂച്ച് ബെഹാറിലെ തുഫാന്‍ഗഞ്ച് മണ്ഡലത്തിലാണ് ഉയർന്ന വോട്ടിങ് ശതമാനം. 88.30 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. ബെഹല പുർബ മണ്ഡലത്തിൽ വോട്ടിംങ് ശതമാനം 66.23 ആയി കുറഞ്ഞു. 373 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ മത്സരിച്ചത്.
ശനിയാഴ്ച ബെഹാറിൽ നടന്ന പോളിങിൽ വ്യാപക അക്രമം പൊട്ടിപുറപ്പെട്ടു. ബൂത്തുകളിൽ കേന്ദ്രസേന വെടിയുതിർക്കുകയായിരുന്നെന്നും നാല് പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. കൂച്ച് ബെഹാറിൽ നിലവിൽ നാല് പേരുടെ മരണം സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂച്ച് ബെഹറിന്‍റെ സിറ്റാൽകുർചിയോ എസിയുടെ പിഎസ് 126 ലെ വോട്ടെടുപ്പ് മാറ്റിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. കൂച്ച് ബെഹാർ ജില്ലയിൽ രാഷ്ട്രീയ നേതാക്കളുടെ പ്രവേശനം തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട്. നാല് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ മെയ് 2നാണ്.