ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കി നാഷണല്‍ കോണ്‍റൻസ്. പുതിയ മാറ്റങ്ങള്‍ അംഗീകരിക്കില്ലെന്നും ഇതിനെതിരെ പോരാടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ജമ്മു കശ്മീർ നേതാക്കളുടെ യോഗത്തിൽ അറിയിച്ചതായി നാഷണല്‍ കോണ്‍ഫറൻസ് നേതാക്കള്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയുമായുള്ള സർവകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ എൻസി നേതാവ് ഒമർ അബ്ദുല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്‌മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ചത് വിശ്വാസ ലംഘനമാണ്. മേഖലയെ പഴയ പോലെ പുനസ്ഥാപിക്കേണ്ടത് കേന്ദ്ര സർക്കാരിന്‍റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
also read: കശ്‌മീർ നേതാക്കളുമായുള്ള മോദിയുടെ കൂടിക്കാഴ്‌ച: തീരുമാനം ഉചിതമെന്ന് മായാവതി
"ഇത് ഒരു തുറന്ന ചർച്ചയായതിനാൽ ഞങ്ങൾ ഞങ്ങളുടെ കാഴ്ചപ്പാടുകൾ പരസ്യമായി അവതരിപ്പിച്ചു. 2019 ഓഗസ്റ്റ് 5 ന് നടന്ന കാര്യങ്ങള്‍ സ്വീകരിക്കാൻ ഞങ്ങള്‍ തയാറല്ല, പക്ഷേ നിയമം ഞങ്ങള്‍ കയ്യിലെടുക്കില്ല. കേന്ദ്രത്തിനെതിരെ കോടതിയിൽ പോരാടുമെന്നും അവിടെ ഞങ്ങൾക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒമർ അബ്ദുല്ല പറഞ്ഞു.
ജമ്മു കശ്മീരിന് സമ്പൂർണ്ണ സംസ്ഥാന പദവി വേണമെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളും ഇതേ ആവശ്യം പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചതായി ഒമർ അബ്ദുല്ല പറഞ്ഞു.