കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ബിജെപി നേതാവ് സുവേന്ദു അധികാരി മാർച്ച് 12ന് നാമനിർദേശം സമർപ്പിക്കുമെന്ന് പാർട്ടിയുടെ മാധ്യമ സെല്‍ അറിയിച്ചു. നന്ദിഗ്രാം നിയോജക മണ്ഡലത്തിൽ നിന്നാവും അധികാരി മത്സരിക്കുക. മുഖ്യമന്ത്രി മമത ബാനർജിയും ഇതേ മണ്ഡലത്തിൽ നിന്ന് മാർച്ച് 10ന് നാമനിർദേശം സമർപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നിലവല്‍ ഭവാനിപ്പൂരിനെയാണ് മമത പ്രതിനിധീകരിക്കുന്നത്.
മമതയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന സുവേന്ദു കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബിജെപിയിലെത്തുന്നത്. അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക കഴിഞ്ഞ ശനിയാഴ്ച ബിജെപി പുറത്തു വിട്ടിരുന്നു. 57 പേരുടെ പട്ടികയാണ് പാര്‍ട്ടി പുറത്തു വിട്ടത്. എട്ടു ഘട്ടമായി മാര്‍ച്ച് 27 മുതല്‍ക്ക് ഏപ്രില്‍ 29 വരെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. മേയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്- ഇടതു സഖ്യം, ബിജെപി എന്നിങ്ങനെ ഇത്തവണ ശക്തമായ ത്രികോണ മത്സരമുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.