മുംബൈ : ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും മറ്റ് ആറ് പേര്‍ക്കുമെതിരെ തെളിവില്ലെന്ന് കണ്ടെത്തിയ എന്‍സിബി അവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ 14 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2021 ഒക്‌ടോബറിലാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലില്‍ എന്‍സിബി സംഘം പരിശോധന നടത്തിയത്.
മുംബൈ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നിരവധി നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കപ്പലിലുണ്ടായിരുന്ന ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്‌ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
- ഒക്ടോബർ 3 : ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ക്കെതിരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്‍റ്, മുന്‍മുന്‍ ധമേച്ച എന്നിവരെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടര്‍ന്ന് ഇവരെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു.
- ഒക്‌ടോബർ 4 : ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്‍റ്, മുന്‍മുന്‍ ധമേച്ച എന്നിവരെ രാജ്യാന്തര മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ കണ്ടെത്തിയെന്ന് എന്‍സിബി അവകാശപ്പെട്ടു. അതുകൊണ്ട് മൂവരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി എന്‍സിബി കസ്റ്റഡിയില്‍ വാങ്ങി. തുടര്‍ന്ന് ഒക്‌ടോബര്‍ 7 വരെ കസ്റ്റഡി നീട്ടി.
- ഒക്‌ടോബർ 7 : അന്വേഷണം നടത്തുന്നതിന് മൂവരുടെയും കസ്റ്റഡി വീണ്ടും നീട്ടാന്‍ എന്‍സിബി ആവശ്യപ്പെട്ടെങ്കിലും അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ആര്യന്‍ ഖാനെയും മറ്റ് പ്രതികളെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
- ഒക്‌ടോബർ 8 : കേസില്‍ ജാമ്യം ലഭിക്കാനായി ആര്യന്‍ ഖാന്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നു. എന്നാല്‍ കോടതി ജാമ്യ ഹര്‍ജി തള്ളി.
- ഒക്‌ടോബർ 9 : കേസില്‍ പിടിയിലായ ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ ജാമ്യത്തിനായി പ്രത്യേക എൻഡിപിഎസ് കോടതിയെ സമീപിച്ചു.
- ഒക്‌ടോബർ 11 : സംഭവവുമായി ബന്ധപ്പെട്ട് എന്‍ ഡി പി എസ് കോടതി എന്‍സിബി യോട് ഒക്‌ടോബര്‍ 13 ന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുന്നു.
- ഒക്‌ടോബർ 13 : കേസിൽ ആര്യൻ ഖാന്റെയും മറ്റ് പ്രതികളുടെയും അഭിഭാഷകർ വീണ്ടും ജാമ്യത്തിനായി അപേക്ഷ നല്‍കി.
- ഒക്‌ടോബർ 20 : ആര്യന്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പ്രത്യേക എൻഡിപിഎസ് കോടതി തള്ളി. തുടർന്ന് പ്രതികൾ ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നു.
- ഒക്‌ടോബർ 21 : മകൻ ആര്യനെ കാണാൻ ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിൽ എത്തി.
- ഒക്‌ടോബർ 26 : കേസില്‍ ബോംബെ ഹൈക്കോടതി വാദം തുടങ്ങി. വാദം മൂന്ന് ദിവസം നീണ്ടുനിന്നു.
- ഒക്‌ടോബർ 28 : ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഷാരൂഖ് ഖാന്‍റെ സുഹൃത്തും നടിയുമായ ജൂഹി ആര്യന്‍ ഖാന് ജാമ്യം നിന്നു.
- ഒക്‌ടോബർ 30 : രാവിലെ 11 മണിയോടെ ആര്യന്‍ ഖാന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി.
- മെയ് 27: കേസില്‍ എന്‍സിബി കുറ്റപത്രം സമര്‍പ്പിച്ചു. ആര്യന്‍ ഖാനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് കണ്ടെത്തിയതോടെ ക്ലീറ്റ് ചിറ്റ് നല്‍കി.