ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ നാലു നില കെട്ടിടത്തിന് മുകളിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബുധനാഴ്‌ച (ഓഗസ്റ്റ് 2) രാത്രി ബെംഗളൂരു ശിവാജി നഗർ ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം. കെട്ടിടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കടയുടമയായ അരുളും (40) ഹോട്ടലിലേക്ക് സാധനം വാങ്ങാനെത്തിയ ആളുമാണ് സംഭവ സ്ഥലത്ത് മരിച്ചത്.
സാധനം വാങ്ങാനെത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റൊരാൾ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് (03.08.23) മരിച്ചത്. പരിക്കേറ്റ ഒരാൾ ബെംഗളൂരു വിക്‌ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്.
കെട്ടിടത്തിന് മുകളില്‍ നിന്നും ടാങ്ക് തകര്‍ന്ന് വീഴുകയായിരുന്നു. ടാങ്കിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍പ്പെട്ടാണ് നാലു പേരും അപകടത്തില്‍പ്പെട്ടത്. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്‌തു.
ടാങ്ക് തകരാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡിസിപി) ഭീമശങ്കർ ഗുലേദ് പറഞ്ഞു.
കെട്ടിടം തകര്‍ന്ന് യുവതി മരിച്ചു: അടുത്തിടെ ചെന്നൈയില്‍ നിന്നും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയിലെ തൗസന്‍ഡ് ലൈറ്റ് ടണലിന് സമീപം പൊളിച്ച് കൊണ്ടിരുന്ന കെട്ടിടം തകര്‍ന്ന് വീണ് കാല്‍നട യാത്രികയായ യുവതി മരിച്ചു. മധുര സ്വദേശിയായ പ്രിയയാണ് മരിച്ചത്.
മൗണ്ട് റോഡിന് സമീപമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്. ചെന്നൈയിലെ സ്വകാര്യ ഐടി കമ്പനിയിലെ ജോലിക്കാരിയാണ് പ്രിയ. രാവിലെ ജോലിക്കായി ഓഫിസിലേക്ക് പോകാന്‍ വേണ്ടി ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെയാണ് കെട്ടിടം ദേഹത്തേക്ക് തകര്‍ന്ന് വീണത്.
കെട്ടിടാവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ട പ്രിയയെ 20 മിനിറ്റ് നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ റോയപ്പേട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രിയ മരിക്കുകയായിരുന്നു.
ഗുജറാത്തില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം: ഇക്കഴിഞ്ഞ 24നാണ് ഗുജറാത്തിലെ ജുനഗഡില്‍ കാലപ്പഴക്കമുള്ള മൂന്ന് കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചത്. കനത്ത മഴയിലും കാറ്റിലുമാണ് കെട്ടിടം തകര്‍ന്നത്. കെട്ടിട അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരു കുടുംബത്തിലെ ഒന്‍പത് പേരെ രക്ഷപ്പെടുത്തി.
സംഭവത്തിന് പിന്നാലെ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ജനസാന്ദ്രത ഏറെയുള്ള സ്ഥലമായത് കൊണ്ടും മഴയുള്ളത് കൊണ്ടും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു.
also read: ഡല്‍ഹിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടം തകര്‍ന്ന് ആറ് പേര്‍ക്ക് ദാരുണാന്ത്യം