ചെന്നൈ: അശ്ലീല വിഡിയോകൾ കാണുന്നത് കുറ്റമാണോ എന്ന ചോദ്യത്തിന് പലരുടെയും ഉത്തരം അതെ എന്നാകും. എന്നാൽ യഥാർത്ഥത്തിൽ അശ്ലീല വിഡിയോകൾ കാണുന്നത് ശിക്ഷാർഹമായ കുറ്റമല്ല എന്നാണ് കോടതി വിധികൾ പറയുന്നത്. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കാത്തിടത്തോളം നീലച്ചിത്രങ്ങൾ കാണുന്നവരെ നിയമാനുസൃതമായി ശിക്ഷിക്കാനാകില്ലെന്നാണ് ഈ വിഷയത്തിൽ അടുത്തിടെ വന്ന കോടതി വിധി.
കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് ഈ വിഷയത്തിൽ ഏറ്റവുമൊടുവിൽ വന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും സ്വകാര്യമായി കാണുന്നതും പോക്‌സോ വകുപ്പിന് കീഴിലുള്ള കുറ്റകൃത്യമായി കാണാനാവില്ലെന്നാണ് കോടതി വിധിച്ചത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്‌ത് കണ്ടതിന് യുവാവിനെതിരെ രജിസ്‌റ്റർ ചെയ്‌ത പോക്സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന വിധി.
ചെന്നൈ അമ്പത്തൂർ സ്വദേശിയായ യുവാവ് മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്‌ത് കാണുന്നുവെന്നായിരുന്നു പൊലീസിന്‍റെ കുറ്റപത്രം. എന്നാൽ അശ്ലീല ചിത്ര നിർമ്മാണത്തിന് കുട്ടികളെ ഉപയോഗിക്കുന്നതാണ് പോക്‌സോ വകുപ്പിന് കീഴിലുള്ള കുറ്റകൃത്യമെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ തന്നെ യുവാവ് കുറ്റക്കാരനല്ലെന്നും കോടതി വ്യക്തമാക്കി. സമാനമായ ഒരു കേസിൽ കേരള ഹൈക്കോടതിയുടെ ഉത്തരവും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അഭിഭാഷകരുടെ പ്രതികരണം: അശ്ലീല ദൃശ്യങ്ങൾ സ്വകാര്യമായി കാണുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നാണ് കോടതി വിധിയിയെപ്പറ്റി ഇടിവി ഭാരതിനോട് പ്രതികരിച്ച പ്രമുഖ അഭിഭാഷകർ ചൂണ്ടിക്കാട്ടിയത്. അശ്ലീലം മറ്റുള്ളവർക്ക് അയക്കുന്നത് കുറ്റമായും ശിക്ഷാർഹമായും കണക്കാക്കാം. എന്നാൽ സ്വകാര്യമായി വീഡിയോ കണ്ട വ്യക്തിയെ ശിക്ഷിക്കുന്നത് "സ്വകാര്യതയ്ക്കുള്ള അവകാശത്തെ" ബാധിക്കുമെന്ന് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കെ എം വിജയൻ ഇടിവി ഭാരതിനോട് പറഞ്ഞു.
"ആത്മാനന്ദം ഒരു കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയതിനാൽ, അശ്ലീലം കാണുന്നത് കുറ്റമായി കണക്കാക്കാനാവില്ല. നിങ്ങൾക്ക് ആത്മനിയന്ത്രണം ഉണ്ടെങ്കിൽ, അത്തരമൊരു ശീലത്തിന് നിങ്ങൾ അടിമപ്പെടില്ല." അദ്ദേഹം പറഞ്ഞു.
അശ്ലീലം കാണുന്നത് കുറ്റകരമാണെന്ന് ഒരു രാജ്യത്തിന്‍റെയും നിയമങ്ങൾ പറയുന്നില്ലെന്ന് അഡ്വക്കേറ്റ് രാജ സെന്തൂർപാണ്ഡ്യൻ ഇടിവി ഭാരതിനോട് പറഞ്ഞു. ഇന്ത്യയിൽ അശ്ലീലം കാണുന്നത് തെറ്റല്ല. വിദേശ പോൺ വീഡിയോകൾ കാണുന്നത് ഇന്ത്യയിൽ നിരോധിച്ചിട്ടില്ല. എന്നാൽ പൊതുസ്ഥലത്ത് അശ്ലീലം കാണുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും രാജ സെന്തൂർപാണ്ഡ്യൻ പറഞ്ഞു. ലൈംഗികതയെക്കുറിച്ച് ധാരണയില്ലെങ്കിൽ നീല ചിത്രങ്ങൾ കാണുന്നത് നിർത്താനാകില്ല. ഇത്തരം ദൃശ്യങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകുന്നത് അതിനോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആസക്തി കുറയ്ക്കാനാകും: പുകവലി, മദ്യപാനം എന്നിവയേക്കാൾ ആസക്‌തി ഉളവാക്കുന്നതാണ് അശ്ലീലം കാണുന്നതെന്നാണ് സൈക്യാട്രിസ്‌റ്റായ അഭിലാഷ് ഇടിവി ഭാരതിനോട് പ്രതികരിച്ചത്. അനിയന്ത്രിതമായ ലഭ്യത കാരണം കുട്ടികളും ചെറുപ്പക്കാരും ഒരുപോലെ ആസക്‌തരാകുന്നു. രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ പ്രവർത്തനങ്ങൾ പതിവായി നിരീക്ഷിക്കണം.
കുട്ടികളുടെ പ്രവർത്തികളിലുണ്ടാകുന്ന മാറ്റം നിരീക്ഷിച്ച് അവർക്ക് ശരിയായ മാർഗനിർദേശൾ നൽകിയാൽ അശ്ലീലം കാണുന്നതിൽ നിന്ന് തടയാനാകും. അശ്ലീല വെബ്‌സൈറ്റുകൾ പൂർണമായും തടയാനും സർക്കാരിന് കഴിയും. അശ്ലീല ദൃശ്യങ്ങൾ കാണാൻ ഐഡി രജിസ്‌ട്രേഷൻ ഏർപ്പെടുത്തുന്നതിലൂടെ അശ്ലീലചിത്രങ്ങൾ കാണുന്നതിൽ നിന്ന് കുട്ടികളെ പൂർണ്ണമായും തടയാൻ കഴിയുമെന്നും അഭിലാഷ് പറഞ്ഞു.