ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിലെ സംഘടനാ തെരഞ്ഞെടുപ്പിനെ കുറിച്ച് തുറന്നടിച്ച് രാഹുൽ ഗാന്ധി. യൂത്ത് കോൺഗ്രസിലും എൻ എസ് യുവിലും തെരഞ്ഞെടുപ്പ് നടത്തിയത് താനാണ്. എന്നാൽ അതിന്‍റെ പേരിൽ താൻ ക്രൂശിക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പാർട്ടിയിൽ ഉള്ളവർ പോലും തന്നെ ആക്രമിച്ചു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന് വാദിക്കുന്നയാളാണ് താനെന്നും രാഹുൽ വ്യക്തമാക്കി. സാമ്പത്തിക വിദഗ്ധൻ കൗശിക് ബസുവുമായുള്ള സംഭാഷണത്തിലാണ് രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പാര്‍ട്ടിക്കുള്ളില്‍ തെരഞ്ഞെടുപ്പ് വേണമെന്ന് അഭിപ്രായപ്പെടുന്ന ഒന്നാമന്‍ താനാണെന്നും ഈ ചോദ്യം മറ്റു രാഷ്ട്രീയ പാര്‍ട്ടിയെപ്പറ്റി പറഞ്ഞു കേള്‍ക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി, ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടി എന്നിവയില്‍ ആഭ്യന്തര ജനാധിപത്യം ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ആരും ചോദിച്ചില്ല. "പക്ഷേ അവർ കോൺഗ്രസിനെക്കുറിച്ച് ചോദിക്കുന്നു, കാരണം ഒരു കാരണമുണ്ട്. ഞങ്ങൾ ഒരു പ്രത്യയശാസ്ത്ര പാർട്ടിയാണ്, ഞങ്ങളുടെ പ്രത്യയശാസ്ത്രം ഭരണഘടനയുടെ പ്രത്യയശാസ്ത്രമാണ്, അതിനാൽ ഞങ്ങൾക്ക് ജനാധിപത്യപരമായിരിക്കേണ്ടത് പ്രധാനമാണ്," രാഹുൽ ഗാന്ധി പറഞ്ഞു. യുവജനസംഘടനകളിൽ തെരഞ്ഞെടുപ്പ് എന്ന ആശയം താന്‍ മുന്നോട്ടുവച്ചു. അതിന്‍റെ പേരില്‍ നിരവധി തവണ വേട്ടയാടി. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തനിക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയെന്നും രാഹുല്‍ പറഞ്ഞു.
ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ള 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ ജമ്മുവിൽ അടുത്തിടെ നടന്ന റാലിയുടെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. കോൺഗ്രസിൽ ആഭ്യന്തര തെരഞ്ഞെടുപ്പ് നടത്തണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു.