പട്‌ന: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുറഞ്ഞ വിലയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ഥിയെ അധിക്ഷേപിച്ച് ബിഹാർ വനിത ശിശു വികസന കോർപ്പറേഷന്‍ അധ്യക്ഷ ഹര്‍ജോത് കൗര്‍ ഭമ്ര. ഇന്ന് നിങ്ങള്‍ സാനിറ്ററി പാഡ് ആവശ്യപ്പെട്ടു, നാളെ നിങ്ങള്‍ സൗജന്യമായി കോണ്ടവും ആവശ്യപ്പെടുമെന്നായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥയുടെ വിവാദ പ്രസ്‌താവന. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
സംസ്ഥാന വനിത ശിശു വികസന വകുപ്പ് 'സശക്ത് ബേട്ടി, സമൃദ്ധ് ബിഹാർ' (ശാക്തീകരിക്കപ്പെട്ട പെൺമക്കൾ, സമൃദ്ധമായ ബിഹാർ) എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശിൽപശാലയിലാണ് സംഭവം. വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് സംസ്ഥാന വനിത ശിശു വികസന കോർപ്പറേഷന്‍ അധ്യക്ഷ കൂടിയായ ഹര്‍ജോത് കൗര്‍ ഭമ്ര വിവാദ പ്രസ്‌താവന നടത്തിയത്. 20 രൂപയ്ക്കും 30 രൂപയ്ക്കും സാനിറ്ററി പാഡുകൾ നൽകാൻ സർക്കാരിന് കഴിയില്ലേയെന്നായിരുന്നു വിദ്യാര്‍ഥിയുടെ ചോദ്യം.
''ഇന്ന് നിങ്ങള്‍ 20 രൂപയ്ക്കും 30 രൂപയ്ക്കും സാനിറ്ററി പാഡ് ആവശ്യപ്പെട്ടു. നാളെ നിങ്ങള്‍ ജീന്‍സും മനോഹരമായ ഷൂസും ആവശ്യപ്പെടും, പിന്നീട് കുടുംബാസൂത്രണത്തിന്‍റെ പേരില്‍ സൗജന്യമായി കോണ്ടവും ആവശ്യപ്പെടും,'' ഹര്‍ജോത് കൗര്‍ ഭമ്ര പറഞ്ഞു. ജനങ്ങളുടെ വോട്ടുകളാണ് സർക്കാരുകളെ ഉണ്ടാക്കുന്നതെന്ന് വിദ്യാർഥി പറഞ്ഞപ്പോള്‍, അത് മണ്ടത്തരമെന്നായിരുന്നു ഹര്‍ജോത് കൗര്‍ ഭമ്രയുടെ മറുപടി.
''മണ്ടത്തരമാണ് പറയുന്നത്. പണത്തിനും സേവനത്തിനും വേണ്ടിയാണോ നിങ്ങൾ വോട്ട് ചെയ്യുന്നത്? നിങ്ങള്‍ വോട്ടു ചെയ്യരുത്. എന്നിട്ട് പാകിസ്ഥാന്‍ ഉണ്ടാക്കൂ,'' ഹര്‍ജോത് കൗര്‍ ഭമ്ര പറഞ്ഞു. യൂനിസെഫിന്‍റെയും മറ്റു സംഘടനകളുടെയും പങ്കാളിത്തത്തോടെ സംസ്ഥാന വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ചടങ്ങിലാണ് ഐഎഎസ് ഉദ്യോഗസ്ഥയുടെ വിവാദ പ്രസ്‌താവന നടത്തിയത്.
'പെൺകുട്ടികളുടെ മൂല്യം വർധിപ്പിക്കുക' എന്നതായിരുന്നു 'സശക്ത് ബേട്ടി, സമൃദ്ധ് ബിഹാർ' പദ്ധതിയുടെ ആപ്‌തവാക്യം. സംഭവം വിവാദമായതിന് പിന്നാലെ എല്ലാ കാര്യത്തിലും സര്‍ക്കാരിനെ ആശ്രയിക്കരുതെന്ന് വിദ്യാര്‍ഥികളെ മനസിലാക്കിക്കുകയായിരുന്നു തന്‍റെ ഉദ്ദേശ്യമെന്ന ന്യായീകരണവുമായി ഹര്‍ജോത് കൗര്‍ ഭമ്ര രംഗത്തെത്തി.