ഭുവനേശ്വർ (ഒഡിഷ): സ്വയം വിരമിക്കൽ പ്രഖ്യാപിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ ക്യാബിനറ്റ് റാങ്കിൽ നിയമിച്ച് ഒഡിഷ സർക്കാർ. മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്‍റെ (Chief Minister Naveen Patnaik) സഹായിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ വി കെ പാണ്ഡ്യനെയാണ് ക്യാബിനറ്റ് മന്ത്രിയുടെ പദവിയോടെ '5 ടി & നവീൻ ഒഡിഷ' പദ്ധതിയുടെ (5T and Nabin Odisha) ചെയർമാനായി നിയമിച്ചത് (VK Pandian- Odisha CM's Ex Aide Appointed with Rank of Cabinet Minister). ഒഡിഷ കേഡറിലെ 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡ്യൻ സർക്കാർ സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് സർക്കാർ പുതിയ നിയമന ഉത്തരവ് പുറത്തിറക്കിയത്.
പാണ്ഡ്യൻ തന്‍റെ സ്വയം വിരമിക്കൽ സന്നദ്ധത സംസ്ഥാന പൊതുഭരണ വകുപ്പിനെ അറിയിച്ചതിനു പിന്നാലെ സർക്കാർ നോട്ടീസ് കാലാവധി അടക്കമുള്ള നടപടിക്രമങ്ങൾ ഒഴിവാക്കിയിരുന്നു. പുതിയ നിയമനത്തിനുശേഷം പാണ്ഡ്യൻ മുഖ്യമന്ത്രിയുടെ കീഴിൽ നേരിട്ട് പ്രവർത്തിക്കുമെന്ന് പൊതുഭരണ-പബ്ലിക് ഗ്രീവൻസ് വകുപ്പ് അറിയിച്ചു. 2011ൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ (സിഎംഒ) പ്രവർത്തിച്ചു തുടങ്ങിയ പാണ്ഡ്യൻ പട്‌നായികിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 2019-ൽ പട്‌നായിക് അഞ്ചാം തവണയും മുഖ്യമന്ത്രിയായത്തിന് പിന്നാലെ പാണ്ഡ്യന് '5T സെക്രട്ടറി' എന്ന അധിക ചുമതലകൂടി നൽകിയിരുന്നു. സംസ്ഥാനത്ത് നവീനമായ വികസന പദ്ധതികൾ നടപ്പാക്കാൻ സർക്കാർ രൂപംകൊടുത്ത അഞ്ചിന കർമ്മപദ്ധതിയാണ് 5T.
അടുത്തവർഷം ഒഡിഷയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാണ്ഡ്യൻ നവീൻ പട്‌നായിക്കിന്‍റെ പാർട്ടിയായ ബിജെഡിയിൽ ചേരുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് നിർണായക സ്ഥാനം നൽകുമെന്നും സൂചനയുണ്ട്.
2002-ൽ കാലഹണ്ടി ജില്ലയിലെ ധർമഗഢിൽ സബ് കലക്‌ടറായാണ് പാണ്ഡ്യൻ തന്‍റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 2005 ൽ ആദ്ദേഹം മയൂർഭഞ്ച് ജില്ലാ കലക്‌ടറായി നിയമിതനായി. തുടർന്ന് 2007-ൽ ഗഞ്ചം കലക്‌ടറായി. ഗഞ്ചമിലെ പോസ്റ്റിങ്ങിനിടെയാണ് അതേ ജില്ലയിൽ നിന്നുള്ള മുഖ്യമന്ത്രി നവീൻ പട്‌നായികുമായി ബന്ധം സ്ഥാപിച്ചത്. ഈ ബന്ധം മുഖ്യമന്ത്രിയുടെ വിശ്വസ്‌തനെന്ന നിലയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തി. 2011ൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ (സിഎംഒ) ചേർന്ന പാണ്ഡ്യൻ അന്നുമുതൽ പട്‌നായിക്കിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
നവീൻ പട്‌നായിക്കിന്‍റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ എന്ന ലേബല്‍ പാണ്ഡ്യനെ വിവാദങ്ങളുടെ തോഴനുമാക്കി. മുഖ്യമന്ത്രിയുടെ അടുത്ത സഹായി എന്ന സ്ഥാനം പാണ്ഡ്യന്‍ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതായി പ്രതിപക്ഷ പാർട്ടികൾ പലപ്പോഴും ആരോപിച്ചിട്ടുണ്ട്.
Also Read: മൂന്നരക്കോടി ജനതയ്ക്ക് സ്‌മാർട്ട് ഹെൽത്ത് കാർഡുകൾ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ