ബതിന്‍ഡ : ദീപങ്ങളുടെ ഉത്സവമായ ദീപാവലി പടക്കങ്ങളുടെ കൂടി ആഘോഷമാണ്. എന്നാല്‍ ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ ഒച്ചയില്ലാതെ ദീപാവലിയെ വരവേല്‍ക്കുന്നവരുമുണ്ട്. പഞ്ചാബിലെ ബതിന്‍ഡയിലുള്ള ഫൂസ് മാണ്ഡി, ഭാഗു, ഗുലോബ്‌ഗഡ് എന്നീ ഗ്രാമങ്ങളാണ് ദീപാവലിയെ പടക്കങ്ങളുടെ അകമ്പടിയില്ലാതെ ആഘോഷിക്കാറുള്ളത്.
പടക്കങ്ങളുടെ ഉപയോഗം മൂലം വൈക്കോലിന് തീപിടിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിവയ്‌ക്കുന്നുവെന്ന് കണ്ട് ജില്ല ഭരണകൂടമാണ് കര്‍ശന നിര്‍ദേശങ്ങള്‍ കൊണ്ടുവന്നത്. ഇത് നിലനില്‍ക്കുന്നതിനാല്‍ തന്നെ ദീപാവലി ആഘോഷിക്കുമ്പോള്‍ ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് വര്‍ണാഭമായ ആഘോഷത്തിന്‍റെ കുറവ് പ്രകടമാവാറുമുണ്ട്.
ആഘോഷങ്ങളറിയാതെ ഇവര്‍ : ഈ ഒരൊറ്റ നിയന്ത്രണം കൊണ്ടുമാത്രം കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി തങ്ങൾ ദീപാവലി ആഘോഷിക്കാറില്ലെന്നാണ് ഈ ഗ്രാമങ്ങളിലുള്ളവരുടെ വാദം. അങ്ങനെയിരിക്കെ 1976 ല്‍ സൈന്യത്തിന്‍റെ കന്‍റോണ്‍മെന്‍റും വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന ആയുധപ്പുരയും എത്തിയതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണവുമായി.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്‍റെ പലഭാഗത്തുമുള്ളത് പോലെ പടക്കങ്ങള്‍ പൊട്ടിക്കണമെന്ന ആഗ്രഹം ഈ ഗ്രാമങ്ങളിലുള്ള കുട്ടികളും പ്രകടമാക്കാറുണ്ട്. എന്നാല്‍ ഇവരെ മാതാപിതാക്കള്‍ ദൂരത്തുള്ള മാതൃഭവനങ്ങളിലേക്കോ ബന്ധുവീടുകളിലേക്കോ അയക്കാറാണ് പതിവ്. മാത്രമല്ല ഭരണകൂടനിർദേശങ്ങൾക്ക് വിരുദ്ധമായി ആരെങ്കിലും പടക്കം പൊട്ടിക്കുകയോ കുറ്റിച്ചെടികൾ കത്തിക്കുകയോ ചെയ്‌താൽ അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കപ്പെടുമെന്ന ഭയവും ഇവരെ വേട്ടയാടുന്നുണ്ട്.
Also Read: അതിരുകടന്ന 'തമാശ'; വായില്‍ പടക്കവുമായി തെരുവിലൂടെ ഓടി യുവാവ്, വീഡിയോ
സുരക്ഷ ശരി തന്നെ, പക്ഷേ ജീവിതങ്ങള്‍ : പ്രദേശത്ത് സൈനിക താവളം ഉള്ളതിനാല്‍ തന്നെ ഈ പ്രദേശത്ത് പുതിയ നിർമ്മാണങ്ങൾ നടത്തുന്നത് നിരോധിച്ചിട്ടുണ്ടെന്നും ഗ്രാമവാസികള്‍ പറയുന്നു. ഗ്രാമത്തിലെ ആരെങ്കിലും രാത്രിയിൽ തന്‍റെ വയലിൽ വെള്ളം നനയ്ക്കാന്‍ എത്തുകയോ,വയലിന് കാവലിരിക്കെ ചായ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്‌താല്‍ പോലും സൈന്യം ഉടനെത്തി അതിനെക്കുറിച്ച് അന്വേഷിക്കുകയും പ്രദേശത്ത് തീയിടരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു.
Also Read: ദീപാവലി രാത്രിയില്‍ ഭക്തര്‍ക്ക് പ്രസാദമായി പണം; കാളിമാത ക്ഷേത്രത്തിലെ ആചാരത്തിന് 38 വര്‍ഷം
സൈനിക താവളം ഉള്ളതിനാല്‍ തന്നെ ഇവിടങ്ങളിലേക്ക് ഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ട്. ഇതെല്ലാം മനസിലാക്കി ഉത്സവ വേളകളില്‍ പോലും ബന്ധുക്കള്‍ ഇവരുടെ വീടുകള്‍ സന്ദര്‍ശിക്കാറില്ലെന്നും ഇവര്‍ സങ്കടം പങ്കുവയ്‌ക്കുന്നു.