മുംബൈ : 'ദിൽ ധൂണ്ഡതാ ഹേ', 'ഹോഹോൻ പേ ഐസേ ബാത്' തുടങ്ങിയ ഗാനങ്ങളിലൂടെ ആരാധക ലക്ഷങ്ങളെ സൃഷ്‌ടിച്ച ബോളിവുഡ് ഗായകൻ ഭൂപീന്ദർ സിങ് (82) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ തിങ്കളാഴ്‌ച വൈകിട്ടായിരുന്നു അന്ത്യം. ബോളിവുഡ് ഗായകരും താരങ്ങളും ഉൾപ്പടെ നിരവധി പേർ ഇതിഹാസ ഗായകന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഭൂപീന്ദർ സിങ്ങിന്‍റെ ശബ്‌ദം ദശലക്ഷക്കണക്കിന് ആളുകൾക്ക് സന്തോഷം നൽകുന്നതായിരുന്നുവെന്ന് ബോളിവുഡ് താരം അജയ് ദേവ്‌ഗൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വെൽവെറ്റ് ശബ്‌ദമുള്ള മനുഷ്യൻ എന്നാണ് നടൻ ശേഖർ സുമൻ ഭൂപീന്ദർ സിങ്ങിനെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന് അന്ത്യാഞ്ജലി നേരുന്നുവെന്ന് ശേഖർ സുമൻ ട്വിറ്ററിൽ കുറിച്ചു. ഗായകൻ വിശാൽ ദദ്‌ലാനിയും ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി.സൗമ്യമായ കാലത്തെ ശബ്‌ദമുള്ള മനുഷ്യനാണ് ഭൂപീന്ദർജി എന്ന് അദ്ദേഹം കുറിച്ചു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു വിയോഗമെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയും ഗായികയുമായ മിതാലി സിങ് നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദുനിയ ഛൂട്ടേ യാർ ന ഛൂട്ടേ (ധരം കാന്ത), ലതാ മങ്കേഷ്‌കറുമായി ചേർന്നുപാടിയ ഥോഡി സി സമീൻ ഥോഡ ആസ്‌മാൻ (സിതാര), ദിൽ ദൂംഡ്‌താ ഹേ (മൗസം), നാം ഗം ജായേഗ (കിനാര) തുടങ്ങിയവയാണ് ഭൂപീന്ദർ സിങ്ങിന്‍റെ പ്രശസ്‌ത ഗാനങ്ങൾ.
1970-80 കാലഘട്ടത്തിൽ ഹിന്ദി സിനിമകളിലെ ഗസലുകൾക്കും ഉർദു നസമുകൾക്കും ആത്മാവ് പകർന്ന ഗായകനും സംഗീത സംവിധായകനുമായിരുന്നു ഭൂപീന്ദർ സിങ്. അമൃത്‌സറിൽ ജനിച്ച സിങ് വളർന്നത് ഡൽഹിയിലായിരുന്നു. ആകാശവാണി, ദൂരദർശൻ എന്നിവയിലൂടെയാണ് അദ്ദേഹം തന്‍റെ കരിയർ ആരംഭിച്ചത്.
സിങ്ങിന്‍റെ പാട്ടുകേട്ട് മദൻമോഹൻ സിങ് ആണ് സിനിമയിൽ പരീക്ഷിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. തുടർന്ന് ബോംബെയിലേക്ക് പോയ അദ്ദേഹം മുഹമ്മദ് റഫി, മന്നാ ഡേ, തലത് മഹ്മൂത് എന്നീ മഹാന്മാർക്കൊപ്പം 1964ൽ ചേതൻ ആനന്ദിന്‍റെ ഹഖീഖത്തിൽ 'ഹോകെ മജ്ബൂർ മുജെ' പാടി. ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
അക്കാലത്തെ പുരുഷ പിന്നണി ഗായകരിൽ നിന്ന് അതുവരെ കേൾക്കാത്ത ഒരു ശബ്‌ദമായിരുന്നു അദ്ദേഹത്തിന്‍റേത്. പതിഞ്ഞതായിരുന്നു അദ്ദേഹത്തിന്‍റെ ശബ്‌ദം. ദോ ദിവാനെ ഷഹർ മേൻ, നാം ഗം ജായേഗാ, കരോഗെ യാദ് തോ, മീഥേ ബോൾ ബോലെ, കിസി നസർ കോ തേരാ ഇന്റേസാർ ആജ് ഭി, ഏക് അകേല ഈസ് ഷെഹർ മേ, കിസി കോ മുകമ്മൽ തുടങ്ങിയ ഗാനങ്ങളും അദ്ദേഹം ആലപിച്ചു.