ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു. 93 വയസായിരുന്നു. ഡൽഹിയിലെ ഫോർട്ടിസ് എസ്‌കോർട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ഇദ്ദേഹത്തെ നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ദേശീയ തലസ്ഥാനത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചിരുന്നു.
മോത്തിലാൽ വോറ ഛത്തീസ്‌ഗഡിൽ നിന്നുള്ള രാജ്യസഭാ അംഗമായിരുന്നു. പാർട്ടി പുന:സംഘടനയ്ക്ക് മുമ്പ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വോറ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് നിരവധി പത്ര മാധ്യമങ്ങളിൽ പ്രവർത്തിക്കുകയും 1972ൽ തന്‍റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.
തുടർന്ന് 1983 ൽ അർജുൻ സിങിന്‍റെ ഭരണത്തിൽ മന്ത്രിസഭയിൽ എത്തി. 1985ൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1993ൽ ഉത്തർപ്രദേശ് ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.