വാരാണസി (ഉത്തര്‍പ്രദേശ്): നിരോധിത എംപി 5 തോക്ക് ഉപയോഗിച്ച യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശ് വാരാണസിയിലെ രേവാരി സ്വദേശി ആലമിനെയാണ് കസ്‌റ്റഡിയിലെടുത്തത്. സാധാരണക്കാര്‍ക്ക് വിലക്കുള്ള തോക്ക് ഉപയോഗിക്കുന്ന യുവാവിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഭോലുപൂര്‍ പൊലീസിന്‍റെ നടപടി.
സാരി പ്രിന്‍റിങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയാണ് ആലമെന്ന് ഭേലുപൂര്‍ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് രമാകാന്ത് ദുബെ പറഞ്ഞു. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ 30 സെക്കന്‍ഡില്‍ യുവാവ് അഞ്ച് റൗണ്ടോളം വെടിയുതിര്‍ക്കുന്നത് കാണാം. സംഭവത്തില്‍ കസ്‌റ്റഡിയിലുള്ള യുവാവിനെ ചോദ്യം ചെയ്‌ത് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. എംപി 5 തോക്കുകള്‍ സൈന്യത്തിലോ സർക്കാർ സേവനങ്ങളിലോ ജോലി ചെയ്യുന്ന സുരക്ഷ ഉദ്യോഗസ്ഥർ മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ 2014-ല്‍ ഉള്ളതാണെന്ന് ആലം പറഞ്ഞു. തന്‍റെ സുഹൃത്ത് എന്‍എസ്‌ജി ഉദ്യോഗസ്ഥനാണ്. സുഹൃത്തിനൊപ്പം താന്‍ സൂറത്തിലെ എന്‍എസ്‌ജി ഫയറിങ് റേഞ്ച് സന്ദര്‍ശിച്ചപ്പോള്‍ ചിത്രീകരിച്ച വീഡിയോ ആണ് ഇതെന്നുമാണ് ആലം നല്‍കിയ മൊഴി.
ആലമിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുഹൃത്ത് സിക്കന്ദറിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്.