മുംബൈ: ഗുജറാത്തിലെ അതുല്‍ റെയില്‍വേ സ്‌റ്റേഷന് സമീപം വന്ദേഭാരത് എക്‌സ്‌പ്രസ് കന്നുകാലിയെ ഇടിച്ചു. ഇന്ന് (29.10.22) രാവില 8.20ഓടെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍റെ മുന്‍ഭാഗത്തും ആദ്യ കോച്ചിന്‍റെ അടിവശത്തെ ഉപകരണങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
തുടര്‍ന്ന് 20 മിനിറ്റ് വൈകിയാണ് ട്രെയിന്‍ നിശ്‌ചിത സ്‌റ്റേഷനില്‍ എത്തിയത്. ഈ മാസം ഇത് മൂന്നാം തവണയാണ് സെമിഹൈസ്‌പീഡ് ട്രെയിന്‍ ഇത്തരത്തില്‍ അപകടത്തില്‍പെടുന്നത്. കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ട്രെയിന്‍ പ്രവര്‍ത്തനക്ഷമമാണെന്ന് അധികൃതര്‍ അറിയിച്ചു.
ട്രെയിനിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. ഒക്‌ടോബര്‍ ആറിനും സമാനമായ രീതിയില്‍ അപകടം നടന്നിരുന്നു. ഗാന്ധിനഗറില്‍ നിന്നും മുംബൈയിലേയ്‌ക്ക് പോകുകയായിരുന്ന ട്രെയിന്‍ ഗുജറാത്തിലെ വട്‌വ മണിനഗര്‍ റെയില്‍വേ സ്‌റ്റേഷന്‍റെ ട്രാക്കിനിടയില്‍ വച്ച് ഇടിച്ചതിനെ തുടര്‍ന്ന് നാല് എരുമകള്‍ ചത്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍റെ മുന്‍ഭാഗം ഒരു രാത്രി മുഴുവന്‍ പണിപ്പെട്ടായിരുന്നു പൂര്‍വസ്ഥിതിയിലേയ്‌ക്കാക്കിയത്. അടുത്ത ദിവസം (ഒക്‌ടോബര്‍ 7) ഗുജറാത്തിലെ ആനന്ദിന് സമീപം ഒരു പശുവിനെ ട്രെയിന്‍ ഇടിച്ചിരുന്നു. സെപ്‌റ്റംബര്‍ 30നായിരുന്നു ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് പരമ്പരയിലെ മൂന്നാമത്തെ ട്രെയിന്‍ ഉദ്‌ഘാടനം ചെയ്‌തത്.