വാഹനാപകടത്തില്‍ പ്രമുഖ ടെലിവിഷന്‍ നടി വൈഭവി ഉപാധ്യായക്ക് ദാരുണാന്ത്യം. നിർമാതാവ് ജെഡി മജീതിയയാണ് നിർഭാഗ്യകരമായ ഈ വാർത്ത പങ്കുവച്ചത്. ഉത്തരേന്ത്യയിലാണ് ദാരുണമായ ഈ സംഭവം നടന്നതെന്ന് ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ അദ്ദേഹം അറിയിച്ചു.
"ജീവിതം വളരെ പ്രവചനാതീതമാണ്. വളരെ മികച്ച നടിയും 'സാരാഭായി വേഴ്‌സസ് സാരാഭായി'യിലെ ജാസ്‌മിന്‍ എന്നറിയപ്പെടുന്ന പ്രിയ സുഹൃത്തുമായ വൈഭവി ഉപാധ്യായ അന്തരിച്ചു. ഉത്തരേന്ത്യയില്‍ വച്ചാണ് വൈഭവിക്ക് അപകടം സംഭവിച്ചത്. നാളെ രാവിലെ 11 മണിയോടെയാണ് വൈഭവിയുടെ അന്ത്യകര്‍മങ്ങള്‍. ഇതിനായി നടിയുടെ ഭൗതിക ശരീരം കുടുംബം മുംബൈയിലേക്ക് കൊണ്ട് വരും. വൈഭവിക്ക് നിത്യശാന്തി നേരുന്നു. -ജെഡി മജീതിയ കുറിച്ചു.
വൈഭവി ഉപാധ്യായയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലില്‍ പ്രതികരിച്ച് രുപാലി ഗാംഗുലിയും രംഗത്തെത്തി. ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ വൈഭവിയുടെ ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു രുപാലിയുടെ അനുശോചനം. 'നേരത്തെ പോയി' എന്ന അടിക്കുറിപ്പോടു കൂടിയുള്ളതായിരുന്നു രുപാലിയുടെ പോസ്‌റ്റ്
ഇവരെ കൂടാതെ നിരവധി പേര്‍ നടിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. നടനും സംവിധായകനുമായ ദെവന്‍ ഭൊജാനിയും വൈഭവിക്ക് അനുശോചനം രേഖപ്പെടുത്തി. 'ഞെട്ടിപ്പിക്കുന്നത്! സാരാഭായി വേഴ്‌സസ് സാരാഭായി എന്ന ചിത്രത്തിലെ ജാസ്‌മിൻ എന്നറിയപ്പെടുന്ന വളരെ നല്ല നടിയും പ്രിയ സുഹൃത്തുമായ വൈഭവി ഉപാധ്യായ അന്തരിച്ചു. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അവൾ ഉത്തരേന്ത്യയില്‍ ഉണ്ടായ ഒരു അപകടത്തിൽ മരണപ്പെട്ടു. വൈഭവിക്ക് നിത്യശാന്തി നേരുന്നു' -ദെവന്‍ ഭൊജാനി കുറിച്ചു. സാരാഭായി വേഴ്‌സസ് സാരാഭായ് എന്ന ഹാഷ്‌ടോഗു കൂടിയുള്ളതായിരുന്നു ദെവന്‍ ഭൊജാനിയുടെ ട്വീറ്റ്.
ജനപ്രിയ ടിവി ഷോയായ 'സാരാഭായ് വേഴ്‌സസ് സാരാഭായി'യിലെ അഭിനയത്തിലൂടെ പ്രശസ്‌തയാണ് വൈഭവി. ഏതാനും സിനിമകളിലും വൈഭവി വേഷമിട്ടിട്ടുണ്ട്. ദീപിക പദുക്കോണിനൊപ്പം 2020ൽ 'ഛപാക്', 2023ല്‍ 'തിമിർ' (2023) എന്നീ ചിത്രങ്ങളില്‍ വൈഭവി അഭിനയിച്ചിട്ടുണ്ട്.
നടൻ ആദിത്യ സിംഗ് രാജ്‌പുത്തിന്‍റെ മരണത്തിന് പിന്നാലെയാണ് വൈഭവിയുടെ വിയോഗം. മെയ് 22നാണ് മുംബൈയിലെ അന്ധേരിയിലെ അപ്പാർട്ട്മെന്‍റിൽ ആദിത്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈഭവിക്കും ആദിത്യ സിംഗിനും പുറമെ മറ്റൊരു ടെലിവിഷന്‍ താരവും മരണപ്പെട്ടു. 'അനുപമാ' താരം നിതീഷ് പാണ്ഡെ ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച മറ്റൊരു പ്രമുഖ ടെലിവിഷന്‍ താരം. 51 വയസ്സായിരുന്നു.
തുടര്‍ച്ചയായുള്ള ടെലിവിഷൻ രംഗത്തെ മൂന്നാമത്തെ വിയോഗമാണ് നിതീഷ് പാണ്ഡെയുടെ മരണത്തോടു കൂടി സാക്ഷ്യം വഹിച്ചത്. ഇന്ന് പുലർച്ചെയാണ് നിതീഷിന്‍റെ മരണവാർത്ത പുറത്തു വരുന്നത്. ജനപ്രിയ ടെലിവിഷൻ ഷോയായ 'അനുപമ'യിൽ ധീരജ് കുമാറിന്‍റെ വേഷം ചെയ്യുന്നതിലൂടെയാണ് നിതീഷ് പാണ്ഡെ പ്രേക്ഷകര്‍ക്കിടയില്‍ ജനപ്രിയനാകുന്നത്.
കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ നടന് ഹൃദയാഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. നാസിക്കിന് സമീപമുള്ള ഇഗത്പുരിയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു അന്ത്യം. മരണവുമായി ബന്ധപ്പെട്ട് നടനുമായി അടുപ്പമുള്ളവരെയും ഹോട്ടൽ ജീവനക്കാരെയും ചോദ്യം ചെയ്‌ത് വരികയാണ് പൊലീസ് സംഘം. എന്നാല്‍ നടന്‍റെ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോർട്ടിനായുള്ള കാത്തിരിപ്പിലാണ് പൊലീസ്.
അതേസമയം നിതീഷിന്‍റെ ഭൗതികാവശിഷ്‌ടങ്ങൾ ഏറ്റുവാങ്ങാൻ കുടുംബം ഇഗത്പുരിയിലേക്ക് പുറപ്പെട്ടു. നിതീഷിന്‍റെ മരണവാർത്ത പുറത്തു വന്നതിന് തൊട്ടു പിന്നാലെ നിരവധി താരങ്ങൾ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സോഷ്യൽ മീഡിയയിൽ എത്തി. ദേവൻ ഭോജാനി, ഗുൽഷൻ ദേവയ്യ, സുസൈൻ ബെർണർട്ട് എന്നിവരാണ് നടന്‍റെ മരണത്തിൽ ആദ്യം ദുഃഖം രേഖപ്പെടുത്തിയത്.
'ഇത് സത്യമായിരിക്കില്ല, പക്ഷേ അങ്ങനെയാണ്. സുഹൃത്തും സഹപ്രവർത്തകനും പ്രതിഭാധനനും നടനുമായ നിതീഷ് പാണ്ഡെ ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ഇഗത്പുരിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. നിതീഷ് സമാധാനത്തിൽ വിശ്രമിക്കൂ'-ഇപ്രകാരമാണ് ദെവന്‍ ഭൊജാനി കുറിച്ചത്.
നാടകത്തിലൂടെയാണ് നിതീഷ് തന്‍റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 'അസ്‌തിത്വ... ഏക് പ്രേം കഹാനി', 'മൻസിലിൻ അപ്പാനി അപ്പാനി', 'ജസ്‌റ്റാജു', 'ദുർഗേഷ് നന്ദിനി' തുടങ്ങി ഷോകളുടെയും ഭാഗമായിരുന്നു അദ്ദേഹം.
'ഓം ശാന്തി ഓം ഖോസ്ല കാ ഘോസ്ല', 'ബധായ് ദോ' തുടങ്ങിയ ചിത്രങ്ങളിലും നിതീഷ് അഭിനയിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരം നേടിയ ചിത്രമായ 'ഖോസ്‌ല കാ ഘോസ്‌ല'യിലെ അദ്ദേഹത്തിന്‍റെ പ്രകടനത്തിന് നാനാതുറങ്ങളില്‍ നിന്നും അദ്ദേഹത്തിന് അഭിനന്ദനം ലഭിച്ചിരുന്നു.