ഡെറാഡൂണ്‍: ഡല്‍ഹിയ്‌ക്ക് പുറത്ത് പഞ്ചാബില്‍ അധികാരത്തിലെത്താൻ ആം ആദ്‌മി പാര്‍ട്ടിയ്‌ക്കായെങ്കിലും ഉത്തരാഖണ്ഡില്‍ നിലം തൊടാന്‍ 'ആപ്പി'നായില്ല. ഒരു സീറ്റെങ്കിലും നേടുമെന്ന് പല എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നുവെങ്കിലും ഫലം നിരാശയാണ് 'ആപ്പിന്' നല്‍കിയത്. ഒപ്പത്തിനൊപ്പം പോരാടി കോണ്‍ഗ്രസ് രണ്ടാമതെത്തിയപ്പോള്‍ ബി.ജെ.പിയാണ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്.
'ഓരോ വീടിനും 300 യൂണിറ്റ് സൗജന്യ വൈദ്യുതി'
സൗജന്യ വൈദ്യുതി പദ്ധതികള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ വോട്ടർമാരെ ഒട്ടും സ്വാധീനിച്ചില്ലെന്ന് മാത്രമല്ല ആംആദ്‌മി പാര്‍ട്ടിയെ പാടെ തള്ളിക്കളയുകയാണുണ്ടായത്. സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയില്‍ പാർട്ടി പ്രത്യേകം ഊന്നൽ നൽകിയിരുന്നു. ഓരോ വീടിനും 300 യൂണിറ്റ് സൗജന്യ വൈദ്യുതി, ഇതിനായി ഗ്യാരണ്ടി കാർഡ്, 24 മണിക്കൂർ വൈദ്യുതി, എല്ലാ പഴയ ഗാർഹിക ബില്ലുകളും ഒഴിവാക്കും എന്നിങ്ങനെ എല്ലാം ആംആദ്‌മി വാഗ്‌ദാനം ചെയ്‌തിരുന്നു.
തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഗൈർസൈന്‍ സ്ഥിരം തലസ്ഥാനമാക്കും, കാശിപൂർ, റൂർക്കീ, കോട്‌വാർ, ഡിഡിഹട്ട്, റാണിഖേത്, യമുനോത്രി എന്നീ ആറ് പുതിയ ജില്ലകൾ രൂപീകരിക്കുമെന്നും വാഗ്‌ദാനം ചെയ്‌തിരുന്നു. ആറുമാസം കൊണ്ട് ഒരു ലക്ഷം യുവാക്കൾക്ക് തൊഴിൽ, യുവാക്കൾക്ക് തൊഴിലില്ലായ്‌മ വേതനമായി പ്രതിമാസം 5000 രൂപ, സംസ്ഥാനത്തെ ജനങ്ങൾക്ക് തൊഴിലുകളില്‍ 80 ശതമാനം സംവരണം, സംസ്ഥാന സര്‍ക്കാരിന്‍റെ ബസുകളില്‍ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നിവ നടപ്പാക്കുമെന്നും പ്രകടന പത്രികയില്‍ ഉറപ്പുനല്‍കിയിരുന്നു.
അനധികൃത നിയമനാന്വേഷണവും ജനം ചെവിക്കൊണ്ടില്ല
കോൺഗ്രസ് - ബി.ജെ.പി സർക്കാരുകളുടെ കാലത്ത് നടന്ന അനധികൃത നിയമനങ്ങളിലടക്കം അന്വേഷണം നടത്തുമെന്ന വാഗ്‌ദാനം പോലും ജനങ്ങള്‍ ചെവിക്കൊണ്ടില്ലെന്നാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ആം ആദ്‌മി പാർട്ടിയുടെ ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ അടക്കമുള്ള നേതാക്കള്‍ ഉത്തരാഖണ്ഡ് പിടിക്കാന്‍ കിണഞ്ഞ് ശ്രമിച്ചിരുന്നു. ഏഴ് പര്യടനങ്ങളിലും നിരവധി സൗജന്യവാഗ്‌ദാനങ്ങള്‍ നല്‍കി വോട്ടർമാരെ ആകര്‍ഷിക്കാനും കെജ്‌രിവാള്‍ ശ്രമിച്ചു. എന്നാല്‍, ഇതെല്ലാം ജനം തള്ളി.
ALSO READ: 'സത്യസന്ധമായ രാഷ്ട്രീയത്തിന്‍റെ തുടക്കം'; ഗോവയിലെ വിജയത്തിൽ കെജ്‌രിവാൾ