റാഞ്ചി (ജാര്‍ഖണ്ഡ്): ധൻബാദിലെ പ്രസിദ്ധനായ ജഡ്‌ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടി കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ. കേസിന്റെ പുരോഗതി റിപ്പോർട്ട് മുദ്രവച്ച് സമർപ്പിക്കുന്നതിനിടെയാണ് ജാർഖണ്ഡ് ഹൈക്കോടതിയിൽ സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും അത് ഇപ്പോഴും തീർപ്പുകൽപ്പിക്കാത്തതുമായ സാഹചര്യത്തിലാണ് കൊലപാതകക്കേസില്‍ കൂടുതൽ അന്വേഷണത്തിനായി ഇന്റർപോളിന്റെ സഹായം തേടുന്നതെന്നും സിബിഐ കോടതിയെ അറിയിച്ചു.
കേസിന്റെ അടുത്ത വാദം ഒക്‌ടോബർ 14 ന് കേള്‍ക്കാമെന്നറിയിച്ച കോടതി അന്നേദിവസം കേസിലെ നാലാഴ്ചത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും സിബിഐയോട് നിർദ്ദേശിച്ചു. ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഡോ രവി രഞ്ജൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജഡ്ജി ഉത്തം ആനന്ദ് വധക്കേസില്‍ പ്രതികളായ രാഹുൽ വർമ്മയ്ക്കും ലഖൻ വർമ്മയ്ക്കും ഓഗസ്‌റ്റ് 6 ന് ജീവപര്യന്തം തടവ് വിധിച്ചെങ്കിലും ധൻബാദിലെ സിബിഐ പ്രത്യേക കോടതി വഴി സിബിഐ ഇപ്പോഴും അന്വേഷണം തുടരുകയാണ്.
ഇതെത്തുടര്‍ന്ന് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുമ്പോൾ എങ്ങനെ അന്വേഷണം തുടരുമെന്ന് ജാർഖണ്ഡ് ഹൈക്കോടതി കഴിഞ്ഞ വാദത്തിനിടെ അന്വേഷണ ഏജൻസിയോട് ചോദിച്ചിരുന്നു. എന്നാല്‍ ഏത് കേസിലും സിബിഐക്ക് അന്വേഷണം തുടരാമെന്ന കേരള ഹൈക്കോടതി വിധിയെ ഉദ്ധരിച്ചായിരുന്നു സിബിഐയുടെ മറുപടി.