ന്യൂഡല്‍ഹി: ത്രിദിന സന്ദര്‍ശനത്തിനായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ ഓസ്റ്റിന്‍ ഡല്‍ഹിയിലെത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവരടക്കമുള്ള നേതാക്കളുമായി ഓസ്റ്റിന്‍ ചര്‍ച്ച നടത്തും. ഇന്തോ പസഫിക് മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയും അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള മറ്റ് സുരക്ഷാ വിഷയങ്ങളും മുഖ്യ അജണ്ടകളാകും. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റായ ശേഷമുള്ള ആദ്യ ഉന്നതതല സന്ദര്‍ശനമാണ് ലോയിഡിന്‍റേത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായുള്ള ഓസ്റ്റിന്‍റെ കൂടിക്കാഴ്ചയോടെ ഔദ്യോഗിക നയതന്ത്ര ചര്‍ച്ചകള്‍ക്ക് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ഓസ്റ്റിന്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. മാര്‍ച്ച് 21 വരെ നീളുന്ന സന്ദര്‍ശനത്തില്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ-സൈനിക നേതൃത്വങ്ങളെയും ഓസ്റ്റിന്‍ സന്ദര്‍ശിക്കും. ജപ്പാനിലും സൗത്ത് കൊറിയയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് ഓസ്റ്റിന്‍ ഇന്ത്യയിലെത്തിയത്.
കഴിഞ്ഞ വര്‍ഷം കിഴക്കന്‍ ലഡാക്കില്‍ തല്‍സ്ഥിതി അട്ടിമറിക്കാനുള്ള ചൈനീസ് ശ്രമങ്ങള്‍ക്ക് പിന്നാലെ ഇന്ത്യാ അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമായിരുന്നു. മേഖലയുടെ ഉപഗ്രഹ ദൃശ്യങ്ങളും രഹസ്യവിവരങ്ങളും പ്രതിരോധ ഉപകരണങ്ങളും നല്‍കി ഇന്ത്യക്ക് ശക്തമായ പിന്തുണയാണ് അമേരിക്ക നല്‍കിയത്. തെക്കന്‍ ചൈനാക്കടലിലെ ചൈനീസ് കടന്നുകയറ്റവും അവകാശവാദവും മേഖലയിലെ മുന്‍ധാരണകള്‍ അട്ടിമറിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ നാറ്റോ മാതൃകയില്‍ ക്വാഡ് സഖ്യം (ഇന്ത്യാ,ഓസ്ട്രേലിയ,ജപ്പാന്‍,അമേരിക്ക) രൂപീകരിക്കപ്പെട്ടിരുന്നു. തങ്ങളുടെ ന്യായമായ അവകാശത്തിനെതിരായ സഖ്യം എന്ന നിലയിലാണ് ചൈന ക്വാഡിനെ കാണുന്നത്. പിന്നാലെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഇന്ത്യന്‍ നേതാക്കളുമായി നടത്തുന്ന ചര്‍ച്ചകള്‍ ഇന്തോ പസഫിക് മേഖലയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമാണ്.