ഇന്‍ഡോര്‍ (മധ്യപ്രദേശ്) : വളര്‍ത്തു നായ്‌ക്കള്‍ കുരച്ചതില്‍ പ്രകോപിതനായ യുവാവ് വൃദ്ധയെ ചവിട്ടി കൊന്നു (Upset over dog barking man kills elderly woman in Indore). മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഇന്നലെ (ഡിസംബര്‍ 23) ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രാകേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കൊല്ലപ്പെട്ട ശീല ബായി (70)യുടെ വളര്‍ത്തു നായ്‌ക്കളാണ് രാകേഷിന് നേരെ കുരച്ചത്. വയോധികയുടെ വീടിന് സമീപത്തുകൂടി ഇയാള്‍ നടന്നു പോകുമ്പോഴായിരുന്നു സംഭവം. നായ കുരച്ചതോടെ രാകേഷ് അവയെ അടക്കി നിര്‍ത്തണമെന്ന് ശീല ബായിയോട് പറഞ്ഞതായാണ് വിവരം (man kills elderly woman in a clash over pet dogs). പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും രാകേഷ് വയോധികയുടെ വയറ്റില്‍ ചവിട്ടുകയും ആയിരുന്നു. തുടര്‍ന്നാണ് മരണം.
സംഭവത്തെ കുറിച്ച് ആസാദ് നഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് നീരജ് മീണ പറയുന്നത് ഇങ്ങനെ : കാറ്ററിങ് തൊഴിലാളിയായ രാകേഷ് ശീല ബായിയുടെ വസതിക്ക് സമീപത്തു കൂടി നടന്നു പോകുകയായിരുന്നു. വയോധികയുടെ വീട്ടില്‍ വളര്‍ത്തുന്ന നായ്‌ക്കള്‍ ഈ സമയം ആക്രമണോത്സുകമായ രീതിയില്‍ കുരച്ചു. ഭയന്ന രാകേഷ് നായ്‌ക്കളെ നിയന്ത്രിക്കണമെന്ന് ശീല ബായിയോട് പറഞ്ഞു.
പിന്നാലെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. വാക്കേറ്റം കയ്യാങ്കളിയില്‍ എത്തി. രാകേഷ് വയോധികയെ ശാരീരികമായി ഉപദ്രവിച്ചു. മര്‍ദനത്തില്‍ ഇവരുടെ വയറ്റില്‍ അടിയേറ്റിരുന്നു. വായില്‍ നിന്ന് രക്തം വാര്‍ന്ന് ശീല ബായി അല്‍പ സമയത്തിനുള്ളില്‍ തന്നെ മരണത്തിന് കീഴടങ്ങി.
വിവരം അറിഞ്ഞ് പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇന്‍ഡോറിലെ എംവൈ ആശുപത്രിലേക്ക് മാറ്റി. ഇന്‍ഡോറില്‍ വളര്‍ത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കം നേരത്തെയും ഉയര്‍ന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വീട്ടില്‍ നായയെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയേയും മകളെയും കൊലപ്പെടുത്തി മധ്യവയസ്‌കന്‍ ആത്‌മഹത്യ ചെയ്‌തിരുന്നു. മധ്യപ്രദേശ് ഉജ്ജയിനിലെ ബദ്‌നഗർ മേഖലയിലാണ് സംഭവം. പരിക്കേറ്റ മറ്റു രണ്ട് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഓഗസ്റ്റ് 19 രാത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. വീട്ടില്‍ നായയെ വളര്‍ത്തുന്നതിനെ ചൊല്ലി ദിലീപ് പവാറും ഭാര്യയും തമ്മില്‍ തര്‍ക്കം ഉണ്ടായി. പിന്നാലെ ഇയാള്‍ വളര്‍ത്തു നായയെ കൊല്ലാന്‍ ശ്രമിച്ചു. ഈ സമയം ഇയാളുടെ ഭാര്യ ഗംഗ ദിലീപ് പവാറിനെ തടയാന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് ഗംഗ കൊല്ലപ്പെടുന്നത്. തന്‍റെ മകളെയും ദിലീപ് പവാര്‍ ഈ സമയം കൊലപ്പെടുത്തിയിരുന്നു.
ദിലീപ് പവാറിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ ഇയാളുടെ രണ്ട് ആണ്‍കുട്ടികള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. വളര്‍ത്തുനായയുടെ കുരയില്‍ പ്രകോപിതനായാണ് ദിലീപ് പവാര്‍ അതിനെ മര്‍ദിക്കാന്‍ ശ്രമിച്ചതെന്നും ഭാര്യയേയും മകളേയും കൊലപ്പെടുത്തിയതെന്നുമാണ് പൊലീസ് പറഞ്ഞത്.