ലഖ്‌നൗ: ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി 2023ലൂടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള പരമ്പരാഗത ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഉത്തർപ്രദേശ് സുക്ഷ്‌മ ചെറുകിട ഇടത്തരസംരംഭക മന്ത്രി (എംഎസ്എംഇ) രാകേഷ് സച്ചൻ. യുഎഇയുമായി മികച്ച ബന്ധം സ്ഥാപിക്കാനാണ് ഉത്തർപ്രദേശ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.
കഴിഞ്ഞ മാസം ഞങ്ങളുടെ ഒരു സംഘം യുഎഇ സന്ദർശിച്ചിരുന്നു. അവിടെ വിദേശ വ്യാപാര സഹ മന്ത്രി ഡോ. താനി ബിൻ അഹ്‌മ്മദ് അൽ സെയൂഡി ഞങ്ങൾക്ക് മികച്ച സ്വീകരണമാണ് നൽകിയത്. ഉച്ചകോടിയുടെ രണ്ടാം ദിവസം യുഎഇയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സെഷനിൽ സച്ചൻ പറഞ്ഞു
അബുദാബി ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വകുപ്പും മികച്ച സഹകരണമാണ് നൽകിയത്. ലുലുമാളും 3300 കോടിയുടെ ഒരു ധാരണാപത്രം ഞങ്ങളുമായി ഒപ്പുവച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി അയോധ്യ, വാരണാസി എന്നിവിടങ്ങളിലും മറ്റ് ചില സ്ഥലങ്ങളിലും മാളുകൾ തുറക്കും.
ഭക്ഷ്യ സംസ്‌കരണ മേഖലയിൽ എലാന ഗ്രൂപ്പും നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വനിത സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉത്‌പന്നങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ലുലു മാളുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സെഷനിൽ യുഎഇ സഹമന്ത്രി അഹമ്മദ് ബിൻ അലി അൽ സയേഗ്, സെയൂദി എന്നിവരുമായും സച്ചൻ ആശയവിനിമയം നടത്തി.
എല്ലാവർക്കും തൊഴിൽ, എല്ലാ മുഖങ്ങളിലും സന്തോഷം എന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നൽകിയ മന്ത്രം എന്ത് വിലകൊടുത്തും വിജയിപ്പിക്കണം. യുഎഇയിലെ നിക്ഷേപകരോട് ഉത്തർപ്രദേശിലേക്ക് വരാനും സംസ്ഥാനത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്താനും ഞാൻ അഭ്യർഥിക്കുന്നു, രാകേഷ് സച്ചൻ കൂട്ടിച്ചേർത്തു.
100 ബില്യൺ യുഎസ് ഡോളറിന്‍റെ വ്യാപാരം: അതേസമയം തങ്ങളുടെ നിക്ഷേപകർ വരുംദിവസങ്ങളിൽ ഉത്തർപ്രദേശിലേക്ക് പോകുമെന്നും അവിടുത്തെ നിക്ഷേപക സൗഹൃദ അന്തരീക്ഷം പ്രയോജനപ്പെടുത്തുമെന്നും യുഎഇയിൽ നിന്നുള്ള പ്രതിനിധികൾ വ്യക്‌തമാക്കി.
ഉത്തർപ്രദേശുമായി മികച്ച ബന്ധമാണുള്ളതെന്നും ഈ ബന്ധം കൂടുതൽ ഉയരങ്ങൾ കീഴടക്കുമെന്നും യുഎഇ സഹമന്ത്രി അഹമ്മദ് ബിൻ അലി അൽ സയേഗ് പറഞ്ഞു. 'ഞങ്ങൾക്ക് ഉത്തർപ്രദേശുമായി പരസ്‌പര ബന്ധമുണ്ട്. ഇരു സർക്കാരുകളും തമ്മിലുള്ള ബന്ധം ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഈ സഹകരണം പുതിയ ഉയരങ്ങൾ കീഴടക്കുമെന്നാണ് പ്രതീക്ഷ.
ഉത്തർപ്രദേശിലെ പരമ്പരാഗത നിക്ഷേപകരെ കൂടാതെ വളർന്നുവരുന്ന പുതിയ സംരംഭകരിലും ഞങ്ങൾ ശ്രദ്ധചെലുത്തുന്നുണ്ട്. ഇതിൽ പ്രതിരോധം, ബഹിരാകാശം, ഭക്ഷ്യ സംസ്‌കരണം, കാർഷിക സംസ്‌കരണം, കാലാവസ്ഥ, ഡ്രോൺ സാങ്കേതികവിദ്യ, ലോജിസ്റ്റിക്‌സ് തുടങ്ങി നിരവധി മേഖലകൾ ഉൾപ്പെടുന്നു.
കൂടാതെ ചില യുഎഇ കമ്പനികൾ ഉത്തർപ്രദേശിൽ ഫുഡ്‌പാർക്കുകൾ സ്ഥാപിക്കാനും ഒരുങ്ങുന്നുണ്ട്. ഇന്ത്യയുമായുള്ള യുഎഇയുടെ മൊത്തം വ്യാപാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 ബില്യൺ യുഎസ് ഡോളറിലെത്തിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്', അഹമ്മദ് ബിൻ അലി അൽ സയേഗ് കൂട്ടിച്ചേർത്തു.
ALSO READ: 'ഇന്ത്യയെ അതിവേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിയത് ഉത്തര്‍പ്രദേശ്': നരേന്ദ്ര മോദി
ഫെബ്രുവരി 10ന് ആരംഭിച്ച യുപി ആഗോള നിക്ഷേപക ഉച്ചകോടി-2023 പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്‌ഘാടനം ചെയ്‌തത്. ഇന്ത്യയെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിയത് ഉത്തർപ്രദേശാണെന്നും വികസനത്തിന്‍റെ കാര്യത്തിൽ ശ്രദ്ധേയമായ പുരോഗതിയാണ് ഉത്തർപ്രദേശ് കൈവരിക്കുന്നതെന്നും മോദി പറഞ്ഞു. ഫെബ്രുവരി 12ന് ഉച്ചകോടി അവസാനിക്കും.