ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപി വനിത നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും ബിജെപി വാര്‍ഡ് കൗണ്‍സിലറുമായിരുന്ന അൽക്ക മിശ്രയ്ക്ക് ജീവപര്യന്തം തടവ്. ഗൂഢാലോചന കേസില്‍ പ്രതിയായ അല്‍ക്കയ്‌ക്ക് 35,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ കൊല്ലപ്പെട്ട മാൽതി ശർമയുടെ സുരക്ഷയ്‌ക്കായി നിയോഗിച്ച പൊലീസുകാരായ രാജ്‌കുമാർ, അലോക് ദുബെ, രോഹിത് സിങ് എന്നിവർക്കെതിരെയും ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചിട്ടുണ്ട്.
വഴിത്തിരിവായത് ഫോണ്‍ കോള്‍ രേഖകള്‍: ലഖ്‌നൗ അഡീഷണല്‍ ജില്ല ജഡ്‌ജി വിവേകാനന്ദ് ത്രിപാഠിയയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. സുരക്ഷ ഉദ്യോഗസ്ഥനായ രാജ്‌കുമാറാണ് വെടിവച്ചുകൊലപ്പെടുത്തിയത്. അലോക് ദുബെ, രോഹിത് സിങ് എന്നിവര്‍ക്കെതിരെ ഗൂഢാലോചനയ്‌ക്കാണ് കേസ്. 2004 ജൂൺ എട്ടിനാണ് ലഖ്‌നൗവിലെ കല്യാൺപൂര്‍ സ്വദേശി മാൽതി ശർമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജൂൺ ഏഴിന് രാത്രി 8.30ന് ഡോ. ധവാന്‍റെ ക്ലിനിക്കിലേക്ക് എന്നുപറഞ്ഞാണ് മാല്‍തി പോയിരുന്നത്.
ഇവരെ കാണാതായതോടെ ഭർത്താവ് പ്രേംനാഥ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സുരക്ഷയൊരുക്കിയ പൊലീസുകാരെയും കാണാതായതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. ശേഷം, പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകമാണ് സംഭവിച്ചതെന്ന് സ്ഥിരീകരിച്ചതോടെ മാൽതി ശർമയുടെ സുരക്ഷ ജീവനക്കാര്‍ക്കെതിരെ മാല്‍തിയുടെ ഭര്‍ത്താവ് പ്രേംനാഥ് കൊലക്കുറ്റത്തിന് പരാതി നല്‍കി.
രാജ്‌കുമാർ റായ്, രോഹിത് സിങ് എന്നിവര്‍ ഒളിവില്‍ പോയെങ്കിലും പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇവരെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജ്‌കുമാറിന്‍റെ മൊബൈൽ നമ്പറിലെ കോൾ വിവരങ്ങൾ പരിശോധിച്ചപ്പോള്‍ സംഭവസമയത്ത് ഇയാള്‍ ഫോണിൽ നിന്ന് മറ്റ് നമ്പറുകളിലേക്ക് തുടർച്ചയായി വിളിച്ചതായി കണ്ടെത്തി. അന്വേഷണം പൂര്‍ത്തിയായപ്പോള്‍ പ്രതി ബന്ധപ്പെട്ടത് അൽക്ക മിശ്രയുടെ ഫോണിലേക്കാണെന്ന് തെളിഞ്ഞു. തുടര്‍ന്നാണ്, ഇവരുടെ പങ്ക് വ്യക്തമായത്.
മാലതി, നേതാവായത് രസിച്ചില്ല, ശേഷം..!: അതേസമയം, സർവോദയ നഗറില്‍വച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് ബിജെപി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തിയതെന്ന മൊഴിയാണ് രാജ്‌കുമാർ പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ ഗൂഢാലോചന നടത്തിയ കേസിലാണ് ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ പികെ മിശ്രയുടെ ഭാര്യ അൽക്ക മിശ്രയാണെന്ന് തെളിഞ്ഞു. ബിജെപിയുടെ സജീവ നേതാവായിരുന്ന അൽക്ക മിശ്ര പാര്‍ട്ടിയിലെ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇവര്‍ പാര്‍ട്ടിയുടെ പ്രീതി പിടിച്ചുപറ്റിയതോടെ മഹിള മോർച്ചയുടെ സിറ്റി സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.
മഹിള മോര്‍ച്ചയുടെ തലപ്പത്ത് ഇവര്‍ എത്തിയതോടെയാണ് അൽക്ക മിശ്ര, മാല്‍തിയുമായി ശത്രുതയിലായത്. തുടര്‍ന്ന്, ലഖ്‌നൗവിലെ വികാസ് നഗറിൽ നിന്നുള്ള കൗൺസിലർ കൂടിയായിരുന്ന അൽക, രാജ്‌കുമാർ റായിയെ സ്വാധീനിച്ച് ഗൂഢാലോചന നടത്തിയാണ് കൊലപ്പെടുത്തിയത്. ഈ കേസിൽ അൽക്ക മിശ്രയ്ക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന്, ഇവര്‍ ഒളിവില്‍ പോയി. ശേഷം, ഇവര്‍ക്കെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കുകയും നീണ്ട തെരച്ചിലിനൊടുവിൽ ഗാസിപൂർ മേഖലയിൽ നിന്ന് പിടികൂടുകയുമായിരുന്നു.