ന്യൂഡല്‍ഹി : വിവിധ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹിയില്‍ കര്‍ഷകര്‍ മഹാപഞ്ചായത്ത് സംഘടിപ്പിച്ചു. യുണൈറ്റഡ് കിസാൻ മോർച്ചയാണ് പൂസയിലുള്ള എൻഎഎസ്‌സി കോംപ്ലക്‌സിൽ മഹാപഞ്ചായത്ത് നടത്തിയത്. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നിശ്ചയിക്കുക , തൊഴിലില്ലായ്‌മ പരിഹരിക്കുക, 2022ല്‍ ഭേദഗതി വരുത്തിയ വൈദ്യുത ബില്‍ റദ്ദാക്കുക, ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭ്യമാക്കുക, കർഷക പ്രക്ഷോഭത്തിനിടെ മരിച്ച എല്ലാ കർഷകരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കര്‍ഷക സമര കാലത്ത് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളും പിന്‍വലിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് നിരവധി പ്രശ്‌നങ്ങളുണ്ട് എന്നാല്‍ കാര്‍ഷിക വിപണനം, വില നിശ്ചയിക്കുന്ന രീതി തുടങ്ങിയവയാണ് കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പ്രധാന പ്രശ്‌നമെന്ന് ഇന്ത്യൻ ഫാർമേഴ്‌സ് അസോസിയേഷൻ നേതാവും സമരസമിതി അംഗവുമായ പ്രമോദ് കുമാർ ചൗധരി പറഞ്ഞു. അതേ സമയം പ്രശ്‌നം പരിഹരിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയുമായി യുണൈറ്റഡ് കിസാൻ മോർച്ച ചര്‍ച്ച നടത്തിയിട്ടുണ്ട്.