റായ്‌പൂർ : അടുത്ത സാമ്പത്തിക വർഷം(2023-24) മുതൽ സംസ്ഥാനത്ത് തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസ അലവൻസ് നൽകുമെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുപ്രധാന പ്രഖ്യാപനം. എന്നാൽ എത്ര രൂപ അലവൻസ് നല്‍കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു ഭൂപേഷ്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് നല്‍കിയ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു ഇത്.
അലവൻസ് കൂടാതെ റായ്‌പൂർ വിമാനത്താവളത്തിന് സമീപം എയ്‌റോസിറ്റി സ്ഥാപിക്കൽ, തൊഴിലാളികൾക്ക് ഭവന സഹായ പദ്ധതി, വനിത സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി തുടങ്ങി നിരവധി വാഗ്‌ദാനങ്ങളാണ് ഭൂപേഷ് ബാഗേൽ മുന്നോട്ടുവച്ചിട്ടുള്ളത്.