മുംബൈ: ഉമേഷ് കോല്‍ഹെ കൊലപാതക കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. 11 പ്രതികള്‍ക്കെതിരെ മുംബൈ പ്രത്യേക എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. മുഹമ്മദ് നബിയെ അപമാനിച്ചതിന് പ്രതികാരം ചെയ്യാൻ തീവ്ര ഇസ്‌ലാമിസ്റ്റുകളാണ് 54കാരനായ കോല്‍ഹെയെ കൊലപ്പെടുത്തിയതെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചത്. ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കിട്ടതിന് പിന്നാലെ ജൂണ്‍ 21നാണ് കോല്‍ഹെ കൊല്ലപ്പെടുന്നത്.
'പ്രവാചകനെ നിന്ദിക്കുന്നവര്‍ക്കുള്ള ഒരേയൊരു ശിക്ഷ ശിരച്ഛേദം' എന്ന പ്രത്യയശാസ്ത്രമാണ് സംഘത്തെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് നടത്തിയ കൊലപാതകത്തിലൂടെ ഒരു സന്ദേശം കൈമാറാനായിരുന്നു അവരുടെ ശ്രമം. വലിയ ആസൂത്രണത്തോടെ ചെയ്‌ത കൊലപാതകം തീവ്രവാദ പ്രവര്‍ത്തനമാണെന്നും കേന്ദ്ര ഏജന്‍സി വ്യക്തമാക്കി.
കേസില്‍ ഇർഫാൻ ഖാൻ (32), മുദസർ അഹമ്മദ് (22), ബാദ്ഷാഷ ഹിദായത്ത് ഖാൻ (25), നാണു ഷെയ്ഖ് തസ്‌ലിം(24), ഷൊയ്ബ് ഖാൻ എന്ന ഭൂര്യ സാബിർ ഖാൻ (22) അതിബ് റാഷിദ് ആദിൽ റഷീദ് (22), യൂസഫ് ഖാൻ ബഹാദൂർ ഖാൻ (44) എന്നിവരെയാണ് ഏജൻസി അറസ്റ്റ് ചെയ്‌തത്. കൊലപാതകത്തിന്‍റെ പ്രധാന സൂത്രധാരൻ ജമാഅത്തിന്‍റെയും അതിന്‍റെ നിയമങ്ങളെയും കർശനമായി പിന്തുടര്‍ന്നുവെന്നും റഹീബാർ എന്ന എൻജിഒ നടത്തുന്നയാളാണെന്നും എൻഐഎ കോടതിയെ അറിയിച്ചു.