ബെലഗാവി: ഇരുപത് ദിവസമായി നാടിനെ മുഴുവന്‍ ഭീതിയിലാഴ്‌ത്തി ചുറ്റിത്തിരിയുന്ന പുലിയെ പിടിക്കാന്‍ ഇനി രണ്ട് ആനകളും. അര്‍ജുന, ആലെ എന്ന് വിളിക്കുന്ന ആനകളെയാണ് പുലിയെ പിടികൂടുവാനുള്ള ദൗത്യത്തിനായി ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്ത് വിന്യസിക്കുവാന്‍ തീരുമാനിച്ചത്. ക്യാമ്പില്‍ നിന്നും ആനകള്‍ പുറപ്പെട്ടു കഴിഞ്ഞെന്നും വെടിവയ്‌പ്പ് വിദഗ്‌ധര്‍, അനസ്‌തെറ്റിക്ക് വിദഗ്‌ധര്‍, ഫോറസ്റ്റ് അധികൃതര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ടീമില്‍ ആനകള്‍ ഉടന്‍ ചേരുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഇരുപത് ദിവസമായി കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ഗോള്‍ഫ് ക്ലബിന്‍റെ പരിസരപ്രദേശത്ത് കറങ്ങി നടക്കുന്ന പുലിയെ പിടികൂടാനുള്ള പരിശ്രമത്തിലാണ് പ്രദേശവാസികളും അധികൃതരും. ഒരു നിര്‍മാണ തൊഴിലാളിയെ ആക്രമിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാട് മുഴുവന്‍ ഭീതിയിലാണ്. പരിസരപ്രദേശത്ത് ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ 18 ദിവസമായി നടത്തിവരുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ പുലിയെ പിടികൂടുന്നത് വരെ തുടരാന്‍ ബെലഗാവി ഡെപ്യൂട്ടി കമ്മിഷണര്‍ നിതീഷ് പാട്ടീല്‍ ഉത്തരവിട്ടു.
കഴിഞ്ഞ ദിവസം(23.08.2022) അധികൃതരുടെ മുന്നില്‍ പുലി വന്നിരുന്നുവെങ്കിലും പിടികൂടാനായില്ല. ഗോള്‍ഫ് ക്ലബിന്‍റെ 200 ഏക്കറോളം വരുന്ന പ്രദേശത്ത് ബെംഗളൂരുവില്‍ നിന്നുമുള്ള പ്രത്യേക സംഘം അല്‍ഗോറിതം സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡ്രോണുകളും സജ്ജമാക്കിയിട്ടുണ്ട്. ഏതാനും പ്രദേശങ്ങളിലായി പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന് അധികൃതര്‍ പറഞ്ഞു.
പുലിയെ പിടികൂടാനാവാത്ത സാഹചര്യത്തില്‍ കഴിഞ്ഞ 20 ദിവസമായി 22 സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഒരു പ്രൈവറ്റ് ബസ് ഡ്രൈവര്‍ പുലിയുടെ ഏതാനും ചില ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയത് ആശങ്കയ്‌ക്കിടയാക്കി. അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പുലിയെ ഉടന്‍ പിടികൂടാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.