അമരാവതി: സംക്രാന്തിയോടനുബന്ധിച്ച് ആന്ധ്രാപ്രദേശിലെ വിവിധ ഭാഗങ്ങളിൽ നടന്ന കോഴിപ്പോരിൽ രണ്ട് മരണം. പശ്ചിമ ഗോദാവരി സ്വദേശി പത്മരാജു, കാക്കിനട സ്വദേശി സുരേഷ് എന്നിവരാണ് മരിച്ചത്. പശ്ചിമ ഗോദാവരി ജില്ലയിലെ നല്ലജർല മണ്ഡലത്തിലെ അനന്തപള്ളിയിൽ കോഴിപ്പോര് കാണുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഒരു കോഴി പറന്ന് പത്മരാജുവിന്‍റെ മേൽ വീഴുകയായിരുന്നു. കോഴിയുടെ കാലിൽ കെട്ടിയിരുന്ന കത്തി തട്ടി പത്മരാജുവിന് മുറിവേറ്റു. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ അമിത രക്തസ്രാവത്തെ തുടർന്ന് മരിക്കുകയായിരുന്നു. സംഭവത്തിൽ നല്ലജർള പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിപ്പോര് മത്സരത്തിന്‍റെ സംഘാടകരുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
കാക്കിനട ജില്ലയിലെ കിർലാംപുടി മണ്ഡലത്തിലെ വേലങ്കയിൽ കോഴിപ്പോരിനായി കോഴിയുടെ കാലിൽ കത്തി കെട്ടുന്നതിനിടെയാണ് അപകടം ഉണ്ടായത്. കത്തി കെട്ടുന്നതിനിടയിൽ സുരേഷ് (45) എന്നയാളുടെ കൈത്തണ്ടയിൽ കത്തി തട്ടുകയും കൈഞരമ്പ് മുറിയുകയുമായിരുന്നു. സുരേഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ കിർലംപുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പടവെട്ടാനിറങ്ങുന്ന പന്തയക്കോഴികൾ: മകരസംക്രാന്തിയുടെ ഭാഗമാണ് ആന്ധ്രാപ്രദേശിലെ കോഴിപ്പോര്. ലക്ഷങ്ങൾ വിലവരുന്ന കോഴികൾ തമ്മിലുള്ള യുദ്ധത്തിന് 'കോടി പണ്ടലു' എന്നാണ് തെലുഗുവില്‍ പറയുന്നത്. കാക്കിനഡ, കൊണസീമ, കിഴക്കൻ ഗോദാവരി, പശ്ചിമ ഗോദാവരി, ഏലൂർ ജില്ലകളിലാണ് പ്രധാനമായും കോഴിപ്പോര് നടക്കുന്നത്.
ഗ്രാമവാസികൾക്ക് അവരുടെ പാരമ്പര്യവും പന്തയം വയ്പ്പുകാർക്ക് ആവേശവും കാഴ്‌ചക്കാർക്ക് ഉത്സവവുമാണ് കോഴിപ്പോര്. ആയിരം കോടിയിലേറെ രൂപയാണ് ഓരോ വർഷവും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മകരസംക്രാന്തിയിലെ കോഴിപ്പോരില്‍ മാറി മാറിയുന്നത്. ദേശങ്ങൾ തമ്മിലുള്ള പോരില്‍ വാശിയേറുമ്പോൾ പടവെട്ടാനിറങ്ങുന്ന പന്തയക്കോഴികൾ പൊരുതി മരിക്കും.
ആന്ധ്രാപ്രദേശിലെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാക്കൾ വലിയ പ്രചാരണമാണ് മത്സരത്തിനായി നല്‍കുന്നത്. എത്ര നടപടികൾ സ്വീകരിച്ചാലും കോഴിപ്പോര് അവസാനിക്കുന്നില്ലെന്നതാണ് യാഥാർഥ്യം.
Also read: മണ്ണില്‍ ചോര വീഴുന്ന, കോടികൾ മറിയുന്ന 'കോടി പണ്ടലു': കോഴിപ്പോരിന്‍റെ ചരിത്രവും വർത്തമാനവും: video