ഹൈദരാബാദ്: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട വ്യക്തിയെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണം സ്വദേശികളായ പർസ തനുശ്രീ (23), ഇവരുടെ സഹായി പർസ രവി തേജ (32) എന്നിവരാണ് രചകൊണ്ട സൈബർ പൊലീസിന്‍റെ പിടിയിലായത്. വിവാഹം ചെയ്യാമെന്ന് ഉറപ്പ് നൽകി ഏകദേശം 31.66 ലക്ഷം രൂപയാണ് പരാതിക്കാരനിൽ നിന്ന് പ്രതികൾ തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു.
കുറ്റാരോപിതയായ സ്‌ത്രീയ്‌ക്ക് ഇൻസ്റ്റഗ്രാമിൽ നാല് വ്യത്യസ്‌ത അക്കൗണ്ടുകളുള്ളതായും പൊലീസ് അറിയിച്ചു. ഈ വ്യാജ അക്കൗണ്ടുകളിൽ നിന്നാണ് പലരെയും ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയിരുന്നത്. ഇത്തരത്തിൽ തട്ടിപ്പിനിരയായവരിൽ ഒരാൾ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറം ലോകമറിയുന്നത്.
തന്‍റെ അക്കൗണ്ടിലേക്ക് സന്ദേശങ്ങൾ അയക്കുകയും പോസ്റ്റുകൾക്ക് കമന്‍റ് ചെയ്യുകയും ചെയ്യുന്ന പുരുഷന്മാർക്ക് മറുപടി നൽകി ബന്ധം സ്ഥാപിക്കുന്ന തനുശ്രീ, അവരെ പ്രണയബന്ധത്തിലേക്ക് ആകർഷിക്കുകയാണ് രീതി. തുടർന്ന് അവരുടെ വിശ്വാസം നേടിയെടുത്ത ശേഷം വിവാഹം ചെയ്യാമെന്ന് വാഗ്‌ദാനം നൽകി പണം ആവശ്യപ്പെടുമെന്നും പൊലീസ് പറയുന്നു.
ഇത്തരത്തിൽ അമ്മ ഗുരുതരാവസ്ഥയിലാണെന്നും അടിയന്തരമായി ചികിത്സ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഹൈദരാബാദ് സ്വദേശിയായ വ്യക്തിയിൽ നിന്നും 31.66 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. എട്ട് മാസത്തിനിടെ ലക്ഷങ്ങൾ കൈക്കലാക്കിയ തനുശ്രീ, സഹായിയായ രവി തേജയുടെ പിന്തുണയോടെ അപ്രത്യക്ഷയായത് പരാതിക്കാരനിൽ സംശയമുളവാക്കി. കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ഹൈദരാബാദ് സ്വദേശി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് തനുശ്രീയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ സഹായത്തോടെ ഇരുവരെയും കണ്ടെത്തി. ഞായറാഴ്‌ച അറസ്റ്റ് ചെയ്‌ത പ്രതികളെ റിമാൻഡ് ചെയ്‌തു.