ന്യൂഡൽഹി : പഴയ വെരിഫിക്കേഷൻ ബാഡ്‌ജുകൾ നീക്കം ചെയ്‌ത് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ. ഇനി മുതൽ പണം നൽകിയവർക്ക് മാത്രമേ നീല വെരിഫിക്കേഷൻ ചിഹ്നം ലഭിക്കൂ എന്ന നിയമം ട്വിറ്റർ നടപ്പാക്കി. ഇതോടെ പ്രമുഖരുടെയെല്ലാം വെരിഫിക്കേഷൻ ബാഡ്‌ജുകൾ നഷ്‌ടമായി.
വെബ് വഴി പ്രതിമാസം എട്ട് ഡോളറും ഐഒഎസ്, ആന്‍ഡ്രോയ്‌ഡ് എന്നിവയിൽ ഇൻ-ആപ്പ് പേമെന്‍റിലൂടെ പ്രതിമാസം 11 ഡോളറും ഈടാക്കും. ട്വിറ്റർ ബ്ലൂ സബ്‌സ്ക്രിപ്‌ഷൻ നിലനിർത്താനും അധിക ഫീച്ചറുകൾക്കായും ഇന്ത്യൻ ഉപയോക്താക്കൾ നൽകേണ്ടത് 900 രൂപയാണ്. പുതുതായി അവതരിപ്പിച്ച സബ്‌സ്ക്രിപ്‌ഷൻ പ്ലാനിന് 650 രൂപയാണ് ചെലവ് വരുന്നത്. ട്വിറ്റർ ബ്ലൂ ടിക്കിന് വേണ്ടി പണം നൽകുന്നവർക്ക് മാത്രമേ ഇനി മുതൽ നീല ചെക്ക്‌മാർക്കുകൾ ലഭിക്കുകയുള്ളൂ.
ഇന്നലെ മുതലാണ് ട്വിറ്റർ ബ്ലൂ ടിക് നീക്കം ചെയ്യാൻ ആരംഭിച്ചത്. പരിശോധിച്ച് ഉറപ്പിച്ച ബ്ലൂ ടിക്കുള്ള 300,000 ഉപയോക്താക്കൾ ഉണ്ടായിരുന്നു. ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്കും പിഐബിയുടെ ഫാക്‌ട് ചെക്ക് വിഭാഗത്തിനും ഇന്ത്യയുടെ ബഹിരാകാരശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഒയ്‌ക്കും ട്വിറ്റർ ബ്ലൂ ടിക് നഷ്‌ടമായി.
Also Read : കിളിയെ 'പറത്തി'വിട്ട് ഇലോണ്‍ മസ്‌ക്, ഇനി നായ ; ട്വിറ്റർ ലോഗോയിലും മാറ്റം
കൂടാതെ, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട് തുടങ്ങി നിരവധി ബി-ടൗൺ സെലിബ്രിറ്റികൾക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ, മലയാളി താരങ്ങളായ മോഹൻലാൻ, മമ്മൂട്ടി തുടങ്ങിവയർക്കും ബ്ലൂ ടിക് നഷ്‌ടപ്പെട്ടു.
പണം നൽകുന്നവർക്ക് മാത്രമേ നീല വെരിഫിക്കേഷൻ ചിഹ്നം ലഭിക്കൂ എന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്ലൂ വേരിഫൈഡ് ചെക്ക് മാർക്കുകൾ ഏപ്രിൽ ഒന്ന് മുതൽ ഒഴിവാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുമെന്നും ബ്ലൂ ടിക്ക് നിലനിർത്തണമെങ്കിൽ ട്വിറ്റർ ബ്ലൂവിൽ സൈൻ അപ്പ് ചെയ്യണമെന്നുമായിരുന്നു കമ്പനി അറിയിച്ചത്. വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് ട്വിറ്റർ നീല ടിക് മാർക്ക് സംവിധാനം അവതിരപ്പിച്ചത്. 2009-ലാണ് ട്വിറ്റർ ആദ്യമായി നീല ചെക്ക് മാർക്ക് സംവിധാനം പുറത്തിറക്കിയത്.
സ്ഥിരീകരണത്തിനായി കമ്പനി മുമ്പ് നിരക്ക് ഈടാക്കിയിരുന്നില്ല. കഴിഞ്ഞ വർഷം ഇലോൺ മസ്‌ക് കമ്പനി ഏറ്റെടുത്ത് രണ്ടാഴ്‌ചയ്ക്കുള്ളിൽ പ്രീമിയം ആനുകൂല്യങ്ങളിൽ ഒന്നായി ചെക്ക്-മാർക്ക് ബാഡ്‌ജ് അവതരിപ്പിക്കുകയായിരുന്നു.
അടിമുടി മാറ്റം: ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം നിരവധി പരിഷ്‌കാരങ്ങളാണ് ഇലോൺ മസ്‌ക് അവതരിപ്പിച്ചത്. അടുത്തിടെ ട്വിറ്ററിന്‍റെ പ്രധാന ആകർഷണമായ ബ്ലൂ ബേഡ് ലോഗോയും മാറ്റിയിരുന്നു. ഡോഗ്‌കോയിൻ ക്രിപ്‌റ്റോകറൻസിയുടെ 'ഡോഗ്' മീമാണ് പുതുതായി നൽകിയ ലോഗോ. എന്നാൽ ട്വിറ്ററിന്‍റെ മൊബൈൽ ആപ്പിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 44 ബില്യൺ ഡോളറിന്‍റെ ഡീലിലാണ് ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങിയത്.
Also read : പണം നൽകാതെ നിങ്ങളുടെ ട്വിറ്റർ അക്കൗണ്ട് എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം