അമരാവതി: വൈ.എസ്.ആർ.സി.പി, ടി.ഡി.പി എന്നീ പാർട്ടികൾക്ക് സർജിക്കൽ സ്‌ട്രൈക്ക് ആവശ്യമാണെന്ന് ബിജെപി എംപി നരസിംഹറാവു.''തെലങ്കാനയിൽ ഒരു സർജിക്കൽ സ്‌ട്രൈക്ക് മതി, ആന്ധ്രയിൽ ഇരട്ട സർജിക്കൽ സ്‌ട്രൈക്ക് ആവശ്യമാണെന്നും'' അദ്ദേഹം പറഞ്ഞു. സമഗ്രമായ പുരോഗതിയുടെ ദിശയിൽ ആന്ധ്രാപ്രദേശിനെ മുന്നോട്ട് കൊണ്ടുപോകാൻ വൈ.എസ്.ആർ.സി.പി പാർട്ടിക്കായിട്ടില്ലെന്നും അതിനാലാണ് ഇരട്ട സർജിക്കൽ സ്‌ട്രൈക്കിന്‍റെ ആവശ്യം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വത്തിന്‍റെ പേരിൽ ഇരു പാർട്ടികളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്ക് തിരിയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തിരുപ്പതി ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഇതിന് ജനങ്ങൾ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി-ജനസേന സഖ്യം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ആന്ധ്രാപ്രദേശിൽ ബിജെപിയുടെ വിജയം തിരുപ്പതിയിലെ ഉപതെരഞ്ഞെടുപ്പോടു കൂടി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിഭജനത്തിനുശേഷം ആന്ധ്രാപ്രദേശിന്‍റെ വികസനത്തിനായി നരേന്ദ്ര മോദി സർക്കാരാണ് എല്ലാ ഫണ്ടുകളും നൽകിയതെന്നും നരസിംഹറാവു കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും ഒരു വികസനവും സംസ്ഥാനങ്ങൾക്കുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരാണ് ചിറ്റൂർ ജില്ലയിലേക്ക് മൂന്ന് ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകൾ അനുവദിച്ചതെന്നും തിരുപ്പതിയിൽ ഐഐടി, ഐഐഎസ്ഇആർ, ഇന്ത്യൻ പാചക ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുൾപ്പെടെ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.