ബെഗളൂരു: കര്‍ണാടക മന്ത്രിസഭ വിപുലീകരണത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ധാരണയായി. 24 എംഎല്‍എമാര്‍ മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.45 ന് രാജ്‌ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
എച്ച്‌കെ പാട്ടീൽ, കൃഷ്‌ണ ബൈരഗൗഡ, എൻ ചെലുവരയ്യസ്വാമി, കെ വെങ്കിടേഷ്, എച്ച്‌സി മഹാദേവപ്പ, ഈശ്വർ ഖന്ദ്രെ, ക്യാതസാന്ദ്ര എൻ രാജണ്ണ, ദിനേശ് ഗുണ്ടു റാവു, ശരണബസപ്പ ദർശനപൂർ, ശിവാനന്ദ് പാട്ടീൽ, തിമ്മപൂർ രാമപ്പ ബാലപ്പ, ടി മല്ലികാർജുൻ, ശിവരാജ് സംഗപ്പ, ശരണപ്രകാശ് രുദ്രപ്പ പാട്ടീൽ, മങ്കൽ വൈദ്യ, ലക്ഷ്‌മി ആർ ഹെബ്ബാൾക്കർ, റഹീം ഖാൻ, ഡി സുധാകർ, സന്തോഷ് എസ് ലാഡ്, എൻ എസ് ബോസരാജു, സുരേഷ ബി എസ്, മധു ബംഗാരപ്പ, എം സി സുധാകർ, ബി നാഗേന്ദ്ര എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാരുടെ രണ്ടാം ഘട്ട പട്ടികയില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തും എന്ന കാര്യത്തില്‍ തര്‍ക്കം നിലനിന്നിരുന്നു. പിന്നാലെ ഡല്‍ഹിയില്‍ രണ്ട് ദിവസം നീണ്ട ചര്‍ച്ചകള്‍ നടന്നു. ഇന്നലെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നാലെയാണ് രണ്ടാം ഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടികയില്‍ അന്തിമ തീരുമാനം ആയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനൊപ്പം എട്ട് മന്ത്രിമാര്‍ മെയ് 20ന് സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. 24 മന്ത്രിമാര്‍ കൂടി ചുമതയേല്‍ക്കുന്നതോടെ കര്‍ണാടക മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 34 ആയി ഉയരും.
അഞ്ച് ദിവസം നീണ്ട 'കര്‍ണാടക മുഖ്യ' ചര്‍ച്ച: ഏറെ നാടകീയ രംഗങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രിയെ തീരുമാനിച്ചത്. തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ വിജയിച്ച കോണ്‍ഗ്രസിന് മുഖ്യനെ തീരുമാനിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവന്നു. മുഖ്യമന്ത്രി കസേരയ്‌ക്കായി സിദ്ധരാമയ്യും ഡികെ ശിവകുമാറും തമ്മില്‍ പ്രത്യക്ഷമായ മത്സരം തന്നെയായിരുന്നു നടന്നത്.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ ഉന്നത നേതാക്കളെ യഥാര്‍ഥത്തില്‍ വെള്ളം കുടിപ്പിച്ച വിഷയമായിരുന്നു കര്‍ണാടക മുഖ്യമന്ത്രി തീരുമാനം. ഒടുവില്‍ സിദ്ധരാമയ്യയ്‌ക്ക് നറുക്ക് വീഴുകയായിരുന്നു. മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കില്‍ നിയമസഭയിലേക്ക് തന്നെ ഇല്ലെന്ന നയം ഡികെ ശിവകുമാര്‍ ഇടയ്‌ക്ക് മുന്നോട്ട് വച്ചെങ്കിലും പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു.
മെയ് 13 കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നെങ്കിലും നീണ്ട അഞ്ച് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസിനായത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എട്ട് മന്ത്രിമാരും ആദ്യ ഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്‌തു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ അന്നു തന്നെ ആദ്യ മന്ത്രിസഭ യോഗവും ചേര്‍ന്നു.
പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്‌ദാനങ്ങളില്‍ അഞ്ചെണ്ണം ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കാനായിരുന്നു മന്ത്രിസഭ തീരുമാനം. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുന്ന പദ്ധതിയായ ഗൃഹ ജ്യോതി പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് മന്ത്രിസഭ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗൃഹ ലക്ഷ്‌മി യോജന പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബനാഥകള്‍ക്കും മാസം തോറും 2000 രൂപ, അന്നഭാഗ്യ യോജനയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഓരോ മാസവും 10 കിലോ സൗജന്യ അരി, ബിരുദധാരികളായ തൊഴില്‍ രഹിതര്‍ക്ക് എല്ലാ മാസവും 3000 രൂപ, കര്‍ണാടകയിലെ മുഴുവന്‍ സ്‌ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര എന്നീ വാഗ്‌ദാനങ്ങളാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
മെയ് 10നായിരുന്നു കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. മെയ് 13ന് ഫലമറിഞ്ഞു. 224 സീറ്റില്‍ 135 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്.