മംഗളൂരു: റിപബ്ലിക് ദിന തലേന്ന് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കര്‍ണാടകയിലെ ടണല്‍ മാനും പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചു. ആരാണ് ഈ കര്‍ണാടകയിലെ ടണല്‍ മാന്‍ എന്നല്ലേ... കര്‍ണാകടയിലെ ഒരു കര്‍ഷക തൊഴിലാളിയായ അമൈ മഹാലിംഗ നായിക് ആണ് ഈ ടണല്‍ മാന്‍. 77 വയസുള്ള നിരക്ഷരനായ കര്‍ഷക തൊഴിലാളിയാണ് അമൈ മഹാലിംഗ നായിക്.
Amai Mahalinga Naik to receive Padma Shri awardഅമൈ മഹാലിംഗ നായികിന് ഈ പുരസ്‌കാരം ലഭിച്ചതോടെ വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ ടണല്‍ മാന്‍. കൃഷിയില്‍ അദ്ദേഹത്തിന്‍റെ സംഭവാന കണക്കിലെടുത്താണ് ഈ പുരസ്‌കാരം. തന്‍റെ രണ്ടേക്കർ ഭൂമിയിൽ ഒറ്റയ്‌ക്ക് ജലസേചനം നടത്തി അവിടെ ചെറിയൊരു തോട്ടം വളർത്തിയെടുത്ത് അതില്‍ വിജയിക്കുകയും ചെയ്‌തതിനാണ് അമൈ മഹാലിംഗ നായിക് കൃഷി വിഭാഗത്തിൽ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായത്.
ജലസാന്നിധ്യമില്ലാത്ത പാറക്കെട്ടുകൾക്ക് മുകളിൽ ഒരു കവുങ്ങ് തോട്ടം പരിപോഷിപ്പിച്ചെടുക്കുക എന്നത് അസാധ്യമായിരുന്നു. എന്നാല്‍ അസാധ്യമായതിനെ സാധ്യമാക്കാനുള്ള സ്വപ്‌നവുമായി അമൈ മഹാലിംഗ നായിക് മുന്നോട്ടു നടന്നു. ഈ പ്രദേശത്ത് കുഴിയെടുക്കാൻ തൊഴിലാളികളെ കൂലിക്കെടുക്കുന്നത് വളരെ ചെലവേറിയ കാര്യമാണ്. അതുകൊണ്ട് അമൈ മഹാലിംഗ നായിക് ഈ ദൗത്യം സ്വയം ഏറ്റെടുത്തു.
ജലം ലഭിക്കാന്‍ അദ്ദേഹം ഏഴ് ടണലുകളാണ് കുഴിച്ചത്. ആദ്യം 30 മീറ്ററോളം ആഴത്തിൽ കുഴിയെടുത്ത് പരാജയപ്പെട്ടപ്പോള്‍, അദ്ദേഹം മറ്റൊരു സ്ഥലത്ത് കുഴിക്കാൻ തുടങ്ങി. എന്നാൽ 35 മീറ്ററോളം ആഴമുള്ള രണ്ടാം തുരങ്കത്തിലും അദ്ദേഹത്തിന് ജലസാന്നിധ്യം കണ്ടെത്താനായില്ല. 35 മീറ്റര്‍ ആഴത്തിലുള്ള മൂന്നാമത്തെയും നാലാമത്തെയും തുരങ്കവും ജലസാന്നിധ്യം കാണാതെ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന് തന്‍റെ നാല് വര്‍ഷത്തെ കഠിനാധ്വാനം പാഴായതായി തോന്നി.
പിന്നീട് ഒരു ഉയർന്ന സ്ഥലത്ത് അദ്ദേഹം അഞ്ചാമത്തെ തുരങ്കം കുഴിക്കാൻ തുടങ്ങി. ഒടുവിൽ 50 അടിയിൽ, അദ്ദേഹം ഈർപ്പം കണ്ടെത്തി. ആറാം ശ്രമത്തിൽ, 315 അടി നീളത്തിൽ, അദ്ദേഹം ജലസാന്നിധ്യം കണ്ടെത്തി. തുടർന്ന് അമൈ മഹാലിംഗ നായിക് തന്‍റെ വീടിന് പിന്നിലെ ഏഴാമത്തെ തുരങ്കം കുഴിച്ച് കുടിവെള്ളത്തിനും ഗാർഹിക ആവശ്യത്തിനും വെള്ളം ലഭ്യമാക്കി.
വെള്ളമില്ലാതെ തരിശായി കിടന്ന കുന്നിൻമുകളിലെ ഒരു പ്രദേശത്തെ പച്ചപ്പ് നിറഞ്ഞ കൃഷിയിടമാക്കി മാറ്റിയത് 43 വർഷത്തെ അമൈ മഹാലിംഗ നായികിന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണ്.
തെങ്ങ്, വാഴ, കുരുമുളക് വള്ളികൾ, കൊക്കോ എന്നിവയാണ് അമൈ മഹാലിംഗ നായിക് തന്‍റെ തോട്ടത്തില്‍ കൃഷി ചെയ്‌തിരിക്കുന്നത്.
Also Read: പരേഡില്‍ ശ്രദ്ധേയായി ശിവാംഗി; വ്യോമസേന ടാബ്ലോയുടെ ഭാഗമാകുന്ന രണ്ടാമത്തെ വനിത