അഗര്‍ത്തല: വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ പ്രവേശിച്ച മാനസികസ്ഥിരതയില്ലാത്ത ബംഗ്ലാദേശി പൗരന്‍മാരെ തിരികെ നാട്ടിലേക്ക് അയച്ചു. അഗർത്തലയിലെ മോഡേൺ സൈക്യാട്രിക് ആശുപത്രിയിലെ ചികില്‍സയ്‌ക്ക് ശേഷമാണ് ഇവരെ വിട്ടയച്ചത്. മനുഷ്യത്വപരമായ നടപടിയില്‍ ഇന്ത്യന്‍ സര്‍ക്കാരിനും ത്രിപുര ഭരണകൂടത്തിനും ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണർ ആരിഫ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി. ഇടിവിഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഗർത്തല-അഖൗറ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് വഴിയാണ് പൗരന്‍മാരെ തിരിച്ചയച്ചത്. ഛത്തഗ്രാമിലെ സോന്തോഷ് ദേബ്, നാരായണ്ഗഞ്ചിലെ ബിജോയ് ചുനു, മണിക്‌ഗോഞ്ചിലെ മൊയ്‌ന ബീഗം, പടുവാഖലിയിലെ റോജീന ബീഗം, ബംഗ്ലാദേശിലെ കുമില്ലയിൽ നിന്നുള്ള കുൽസും ബീഗം എന്നിവരെയിരുന്നു അഗര്‍ത്തലയില്‍ വര്‍ഷങ്ങളായി കുടുങ്ങിയിരുന്നത്. ഇവരിൽ മൂന്നുപേരെ 2018-ലും രണ്ടുപേരെ 2015-ലുമാണ് ത്രിപുരയിലെ നിയമ നിർവ്വഹണ ഏജൻസികൾ കണ്ടെത്തിയത്.
Also read: വീഡിയോ: ബംഗാളില്‍ കടത്താന്‍ ശ്രമിച്ച കംഗാരുക്കള്‍ക്ക് രക്ഷകരായി വനപാലകര്‍
കൈമാറ്റല്‍ നടപടിക്ക് ശേഷം ഇത് തങ്ങള്‍ക്ക് ഏറ്റവും സന്തോഷകരമായ ദിവസമാണെന്നായിരുന്നു ആരിഫ് മുഹമ്മദിന്‍റെ ആദ്യപ്രതികരണം. ഒറ്റപ്പെട്ടുപോയ ഈ ആളുകളെ തിരിച്ചയക്കുവാന്‍ തങ്ങള്‍ക്കാവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകിയ ത്രിപുര സർക്കാരിനോടും ഇന്ത്യ ഗവൺമെന്റിനോടും താൻ വളരെ നന്ദിയുള്ളവനാണെന്നും ബംഗ്ലാദേശ് പ്രതിനിധി കൂട്ടിച്ചേര്‍ത്തു. ഇവരെ സുരക്ഷിതമായി തന്നെ അവരവരുടെ കുടുംബങ്ങളിലേക്കെത്തിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇത്തരത്തിൽ 15 പേരെ അഗർത്തലയിൽ നിന്ന് ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. വരും കാലങ്ങളിലും 10-15 പേരെ കൂടി ഇത്തരത്തില്‍ സ്വദേശത്തെത്തിക്കാന്‍ കഴിയുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ദേശീയ മാനസികാരോഗ്യ മിഷൻ ത്രിപുരയിലെ പ്രോഗ്രാം ഓഫീസർ ഉദയൻ മജുംദർ. നിലവില്‍ ചികില്‍യിലുള്ള കുറച്ചുപേര്‍ തങ്ങളും ബംഗ്ലാദേശ് പൗരന്‍മാരെന്ന് അവകാശപ്പെടുന്നുണ്ട്. ഇവര്‍ പറയുന്നതിലെ വസ്‌തുത അന്വേഷിച്ച് മാത്രമേ നടപടി സ്വീകരിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.