അകോല (മഹാരാഷ്‌ട്ര): മരം കടപുഴകി വീണ് ഏഴ് പേർ മരിച്ചു. സംഭവത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. അകോല ജില്ലയിലെ പരാസിൽ മതപരമായ ചടങ്ങിന് വേണ്ടി വിശ്വാസികൾ ഒത്തുകൂടിയ ഷെഡിന് മുകളിലേക്കാണ് മരം കടപുഴകി വീണത്.
തകര ഷീറ്റ് ഉപയോഗിച്ച് നിർമിച്ച ഷെഡിന് മുകളിലേക്കാണ് മരം വീണത്. മരം നിലംപൊത്തുമ്പോൾ ഷെഡിനടിയിൽ 40ഓളം പേർ ഉണ്ടായിരുന്നതായി അകോല കലക്‌ടർ നിമ അറോറ അറിയിച്ചു. '40ഓളം പേർ ഷെഡിനടിയിൽ ഉണ്ടായിരുന്നു. നാല് പേർ മരിച്ചു. അതിൽ 36 പേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു' കലക്‌ടർ പറഞ്ഞു.
സംഭവത്തിൽ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം രേഖപ്പെടുത്തി. 'അകോല ജില്ലയിലെ പരാസിൽ മതപരമായ ചടങ്ങുകൾക്കായി വിശ്വാസികൾ ഒത്തുകൂടിയ ഷെഡിന് മുകളിലേക്ക് മരം വീണ് ഭക്തർ മരിച്ചു എന്ന വാർത്ത വളരെ വേദനാജനകമാണ്. കലക്‌ടറും പൊലീസ് സൂപ്രണ്ടും ഉടൻ സംഭവസ്ഥലം സന്ദർശിച്ചു. പരിക്കേറ്റവർക്ക് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുന്നുണ്ട്', അദ്ദേഹം പറഞ്ഞു.
പരിക്കേറ്റവരിൽ ചിലരെ ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ പരിക്കുകൾ ഉള്ളവർ ബാലാപൂരിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.