ചെന്നൈ: സംസ്ഥാനത്തെ കൈത്തറി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യംവച്ച് ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽസ് വകുപ്പ് മന്ത്രി ആർ. ഗാന്ധിയുമായും ഗ്രാമവ്യവസായ മന്ത്രി ടി.എം. അൻബരസനുമായും അവലോകന യോഗം ചേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
തമിഴ്‌നാട്ടിൽ കൈത്തറി വ്യവസായം പ്രോത്സാഹിപ്പിക്കുക, അന്താരാഷ്‌ട്ര വിപണികളിലേക്കും തമിഴ്‌നാടിന്‍റെ കൈത്തറി ഉത്പന്നങ്ങൾ എത്തിക്കുക എന്നീ ലക്ഷ്യങ്ങളാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.
വരാനിരിക്കുന്നത് വൻ പ്രചാരണം
തമിഴ്‌നാടിന്‍റെ കൈത്തറി ഉത്പന്നങ്ങളിൽ വൻ പ്രചാരണം നടത്താനും യുവതലമുറയിൽ കോ-ഒപ്‌ടെക്‌സ് എന്ന ബ്രാൻഡ് പ്രോത്സാഹിപ്പിക്കാനും അദ്ദേഹം വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആഴ്‌ചയിൽ രണ്ട് ദിവസം കൈത്തറി വസ്‌ത്രം ധരിക്കണമെന്ന് സർക്കാർ ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്.
പരസ്യ പ്രചാരണങ്ങളുടെയും മറ്റും ചർച്ചകൾ പുരോഗമിക്കുകയാണെന്നും യുവതലമുറയെ കൈത്തറിയിലേക്ക് ആകർഷിക്കുന്നതിനായി ഡിസൈനർമാരുമായും ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിനുപുറമെ, സംസ്ഥാനത്തെ സിൽക്ക് ഉത്പാദനം വർധിപ്പിക്കുന്നതിനായി 1000 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിനുള്ള നിരവധി നടപടികളും പുരോഗമിക്കുകയാണ്.
ലക്ഷ്യം അന്താരാഷ്‌ട്ര വിപണി
ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന തമിഴ് പ്രവാസികളെ ലക്ഷ്യംവച്ച് അന്താരാഷ്‌ട്ര വിപണികളിലും തമിഴ്‌നാടിന്‍റെ കൈത്തറി ഉത്പന്നങ്ങൾ എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തുണിത്തരത്തിന്‍റെ ഗുണനിലവാരവും രൂപകൽപ്പനയും അടിസ്ഥാനമാക്കിയും വിപണി കൈയടക്കാൻ സർക്കാർ ലക്ഷ്യം വയ്ക്കുന്നുണ്ട്.
പ്രകടന പത്രികയിലെ വാഗ്‌ദാനം പാലിക്കാൻ
നെയ്ത്തുകാരെ സഹായിക്കുമെന്ന് 2021ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നു. കൈത്തറി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സംസ്ഥാനത്തെ രോഗാവസ്ഥയിലുള്ള കൈത്തറി മേഖലയെ ഉയർത്തുന്നതിനുള്ള ആദ്യപടിയായാണ് സർക്കാർ കണക്കാക്കുന്നത്.
സർക്കാർ സ്വീകരിച്ച നടപടികൾ സ്വാഗതാർഹമാണെന്നും അവ പാതിവഴിയിൽ ഉപേക്ഷിക്കരുതെന്നും നെയ്‌ത്തുകാർ പ്രതികരിച്ചു. കൊവിഡ് കാരണം നെയ്‌ത്ത് മന്ദഗതിയിലാണെന്നും ഒരു ഉത്പന്നം നിർമിക്കാനായി ചെലവഴിക്കുന്ന സമയം പരിഗണിച്ച് ഉത്പന്നത്തിന് ലഭിക്കുന്ന തുക തീർത്തും തുച്ഛമാണെന്നും ഇതൊക്കെകൊണ്ടുതന്നെ ഒട്ടും ലാഭം ഇല്ലാത്ത ഒരു വ്യവസായമായി നെയ്‌ത്ത് മാറിയെന്നും തൊഴിലാളികൾ പറഞ്ഞു.
Also Read: വിൽപന കുറഞ്ഞു ; പാലിന്‍റെ അളവും വിലയും കൂട്ടി മിൽമ