ചെന്നൈ: സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ചെന്നൈയിലെ 500 ബസുകളിൽ സിസിടിവി കാമറയോടുകൂടിയ പാനിക് ബട്ടൺ സ്ഥാപിച്ചു. നിർഭയ സേഫ് സിറ്റി പദ്ധതിക്ക് കീഴിലുള്ള സംവിധാനത്തിന്‍റെ ഉദ്‌ഘാടനം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ശനിയാഴ്‌ച (മെയ് 14) നിർവഹിച്ചു.
ബസുകളിൽ സുരക്ഷ: നിർഭയ സേഫ് സിറ്റി പദ്ധതിക്ക് കീഴിൽ ഏകദേശം 2,500 ബസുകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) പ്രവർത്തനക്ഷമതയോടു കൂടിയ ഈ സുരക്ഷ സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന ഗതാഗത വകുപ്പ് പദ്ധതിയിട്ടിരിക്കുകയാണ്. പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണമാണ് മെട്രോ നഗരത്തിലെ 500 ബസുകളിൽ നാല് പാനിക് ബട്ടണുകൾ, എഐ ക്ഷമതയോടുകൂടിയ മൊബൈൽ നെറ്റ്‌വർക്ക് വീഡിയോ റെക്കോഡർ (എംഎൻവിആർ), മൂന്ന് കാമറകൾ എന്നിവയുടെ സൗകര്യം ലഭ്യമാക്കിയത്.
എംഎൻവിആർ ഒരു 4ജി ജിഎസ്എം സിം കാർഡ് വഴി ക്ലൗഡ് അധിഷ്‌ഠിത നിയന്ത്രണ കേന്ദ്രവുമായി ബന്ധിപ്പിക്കും. യാത്രയ്ക്കിടെ സഹയാത്രികരിൽ നിന്നും എന്തെങ്കിലും അസൗകര്യമോ ബുദ്ധിമുട്ടുകളോ ഉണ്ടായാൽ ഉടൻതന്നെ പാനിക് ബട്ടൺ അമർത്താം. ബട്ടൺ അമർത്തുന്നതോടെ കൺട്രോൾ സെന്‍ററിൽ ഒരു അലാറം ഉയരുകയും കാമറ ഓണ്‍ ആവുകയും ചെയ്യും. കൂടാതെ ബസിലെ തല്‍സമയ ദൃശ്യങ്ങള്‍ കൺട്രോൾ സെന്‍ററിലെ ഓപ്പറേറ്റർക്ക് നിരീക്ഷിക്കാനും തുടർനടപടികൾ സുഗമമാക്കാനും സാധിക്കും.
സിറ്റി പൊലീസിന്‍റെയും ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്‍റെയും ദുരന്ത പ്രതികരണ കേന്ദ്രവുമായാണ് കൺട്രോൾ സെന്‍റർ ബന്ധിപ്പിച്ചിരിക്കുന്നത്. മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (എംടിസി) 31 ബസ് ഡിപ്പോകളും 35 ബസ് ടെർമിനസുകളും ഇത്തരത്തിൽ നിരീക്ഷണവിധേയമാക്കിയതായി സംസ്ഥാന സർക്കാരിന്‍റെ പ്രസ്താവനയിൽ പറയുന്നു.
കാണാതായവരെയും കണ്ടെത്തുന്നതിനും കുറ്റവാളികളെ തിരിച്ചറിയുന്നതിനും ജിസിസി, ഗതാഗത വകുപ്പ്, പൊലീസ് എന്നിവയുടെ മറ്റ് പ്രവർത്തനങ്ങൾക്കും പദ്ധതി സഹായകമാണ്. ഗതാഗത വകുപ്പ് മന്ത്രി എസ്.എസ് ശിവശങ്കറിന്‍റെ സാന്നിധ്യത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ സുരക്ഷാസംരംഭത്തിന് തുടക്കം കുറിച്ച മുഖ്യമന്ത്രി, ഗതാഗത വകുപ്പിന്‍റെ പ്രത്യേക പരിഗണന അടിസ്ഥാനത്തിൽ നിയമിച്ച 200 ഓളം പേർക്ക് നിയമന ഉത്തരവുകളും കൈമാറി.