കൊൽക്കത്ത: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ എം.എൽ.എയുമായ അഭിഷേക് ബാനർജി, മമതയുടെ പേഴ്‌സണൽ സെക്രട്ടറി എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയതിനെതിരെയാണ് വിമര്‍ശനം. മുതിര്‍ന്ന തൃണമൂല്‍ നേതാവും എം.പിയുമായ സൗഗത റോയിയാണ് കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.
'പ്രതിഫലിപ്പിക്കുന്നത് കേന്ദ്രത്തിന്‍റെ സ്വേച്ഛാധിപത്യ മനോഭാവം'
ഇത് ജനാധിപത്യത്തിലെ ഒരു കറുത്ത ദിനമാണ്. കേന്ദ്ര സർക്കാർ ചാര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്നത് ലജ്ജാകരമാണ്. ദേശീയ നേതാവെന്ന നിലയിലുള്ള അഭിഷേകിന്‍റെ ഉയർച്ചയിലുണ്ടായ മനോവിഭ്രാന്തിയാണ് ഇതിനു പിന്നിലെന്നും തൃണമൂല്‍ നേതാവ് ആരോപിച്ചു. ഫോണ്‍ ചോര്‍ത്തിയതില്‍ രാഷ്ട്രീയ നേതാക്കള്‍, പത്രപ്രവർത്തകർ എന്നിവരുണ്ട്. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ ഫോൺ വരെ ചോര്‍ത്തി. ഇത് രാജ്യത്തെ ഭരണകൂടത്തിന്‍റെ സ്വേച്ഛാധിപത്യ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും സൗഗത റോയ് പറഞ്ഞു.
പ്രശാന്ത് കിഷോറിന്‍റെ ഫോണില്‍ 26 തവണ പെഗാസസ് സാന്നിധ്യം
പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിനിടെയാണ് പ്രശാന്ത് കിഷോറിന്‍റെ ഫോൺ ഹാക്ക് ചെയ്തത്. ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ സെക്യൂരിറ്റി ലാബ് പരിശോധന ഫലമാണ് ദ വയര്‍ പുറത്തുവിട്ടത്. പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറായിരുന്നു ബംഗാളില്‍ തൃണമൂൽ കോൺഗ്രസിന്‍റെ പ്രചാരണത്തിന്‍റെ തന്ത്രങ്ങൾ മെനഞ്ഞത്. ജൂണില്‍ 14 ദിവസങ്ങളിലും ജൂലൈയിൽ 12 ദിവസങ്ങളിലും പ്രശാന്തിന്‍റെ ഫോണിൽ പെഗാസസ് ചാരസോഫ്‌റ്റ് വെയറിന്‍റെ സാന്നിധ്യമുണ്ടായിട്ടുണ്ട്.
വിമര്‍ശനവുമായി അമരീന്ദർ സിങും
അതേസമയം, അഞ്ചുതവണ താന്‍ മൊബൈല്‍ മാറ്റിയിട്ടും ഹാക്കിങ് നേരിടേണ്ടി വന്നുവെന്ന് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം നിരവധി പ്രമുഖരുടെ ഫോൺ സംഭാഷണം പെഗാസസ് ചോർത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് പുറമെ അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത അഞ്ച് സുഹൃത്തുക്കളുടെയും ഫോൺ ചേര്‍ത്തി. രാജ്യത്തെ ജനാധിപത്യത്തിനെതിരായ ഞെട്ടിക്കുന്ന ആക്രമണമാണിതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.
ഇത് വ്യക്തിസ്വാതന്ത്ര്യത്തിനെതിരായ ആക്രമണം മാത്രമല്ല, രാജ്യത്തിന്‍റെ സുരക്ഷയ്‌ക്കെതിരാണ്. ഈ വിഷയത്തില്‍ കേന്ദ്ര സർക്കാരിനെതിരെ സ്വമേധയ നടപടിയെടുക്കണമെന്ന് സിങ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
ALSO READ: പെഗാസസ് ഗൂഢാലോചന: രാജ്യത്തിന്‍റെ വികസനത്തെ തടസപ്പെടുത്താനാവില്ലെന്ന് അമിത് ഷാ