കൊൽക്കത്ത: തെരഞ്ഞെടുപ്പിന്‍റെ ആദ്യ നാലുഘട്ടങ്ങൾ കഴിഞ്ഞപ്പോഴേക്കും തൃണമൂൽ കോൺഗ്രസ് തകര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്ത് പോളിങ് അവസാനിക്കുമ്പോഴേക്കും മുഖ്യമന്ത്രി മമത ബാനർജിയെയും മരുമകനെയും പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻസോളിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമത ബാനര്‍ജി മൃതദേഹങ്ങള്‍വച്ച് രാഷ്ട്രീയം കളിക്കുകയാണ്. കൂച്ച് ബെഹാർ ജില്ലയിലെ സിതാൽകുച്ചിയിലെ വെടിവയ്‌പ്പിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടതിനെ മുഖ്യമന്ത്രി രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണ്. പശ്ചിമ ബർദ്ധമാൻ ജില്ലയിലെ അസൻസോളിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ അനധികൃത കൽക്കരി ഖനനം സജീവമായി തുടരുകയാണ്. എന്നാൽ ഇതിൽ നിന്നുള്ള വരുമാനം എവിടേയ്ക്ക് പോകുന്നുവെന്ന് എല്ലാവർക്കുമറിയാം. കൂടാതെ കൂച്ച് ബെഹാർ വെടിവയ്പ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കുള്ള ബന്ധം തെളിയിക്കുന്ന ഓഡിയോ ടേപ്പ് പുറത്തുവന്നിട്ടുണ്ട്. കേന്ദ്ര സേനയുടെ വെടിവയ്‌പ്പിൽ നാല് പേരുടെ മരണത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന മമത ബാനർജിയുടെയും ടിഎംസി കൂച്ച് ബെഹാർ ജില്ല പ്രസിഡന്‍റ് പാർത്ത പ്രതിം റോയിയുടെയും ശബ്‌ദം വ്യക്തമാണ്. കൂടാതെ റാലി നടത്താൻ ജില്ല നേതാവിനോട് ബാനർജി ആവശ്യപ്പെടുന്നതും കേൾക്കാമെന്നും മോദി പറഞ്ഞു.
കൂടുതൽ വായനയ്‌ക്ക്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: മോദിയെ പരിഹസിച്ച് മമതാ ബാനർജി
കൂച്ച് ബെഹാറിലെ ആളുകളുടെ മരണത്തിൽ രാഷ്ട്രീയ നേട്ടത്തെക്കുറിച്ചാണ് ദീദി ചിന്തിക്കുന്നത്. കൊവിഡ് വ്യാപന സാഹചര്യത്തില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ മമത പങ്കെടുത്തില്ല. അടുത്തിടെ നടന്ന രണ്ട് ചർച്ചകളില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി-കിസാൻ, ആയുഷ്‌മാൻ ഭാരത് ഉൾപ്പെടെയുള്ള കേന്ദ്ര ക്ഷേമപദ്ധതികൾക്കും പശ്ചിമ ബംഗാൾ ജനതയ്ക്കും ഇടയിലുള്ള മതിലാണ് മമത ബാനർജിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൂടുതൽ വായനയ്‌ക്ക്: കൂച്ച് ബെഹാർ വെടിവയ്പ്പ്; കുറ്റവാളികൾ ശിക്ഷിപ്പെടുമെന്ന് മമത ബാനർജി