ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ദേശീയ തലസ്ഥാനത്തെ അതിര്‍ത്തികള്‍ അടച്ചിടുന്നത് തുടരുന്നു. തിക്രി, ധന്‍സ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിരിക്കുകയാണ്. അതേസമയം ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ ജൊറോഡ, ദൗരാല, കാപശ്രേയ, ബാസുരെയ്, രാജോക്രി എന്‍എച്ച്, ബാജ്‌ഗീര, പലം വിഹാര്‍, ദുന്ദഹേര എന്നീ അതിര്‍ത്തികള്‍ തുറന്നു. ജതികാര അതിര്‍ത്തി വഴി കാറുകളും ഇരുചക്ര വാഹനങ്ങളും കടത്തിവിടുന്നുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
നോയിഡ, ഗാസിയബാദ് എന്നിവടങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്ക് ഗതാഗത തിരക്ക് വര്‍ധിച്ചതോടെ ചില്ല, ഗാസിപൂര്‍ അതിര്‍ത്തികള്‍ അടച്ചു. പകരം ആനന്ദ് വിഹാര്‍, ഡിഎന്‍ഡി, അപ്‌സാര, ഭോപ്ര, ലോനി അതിര്‍ത്തികള്‍ വഴി വരണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. സിംഗു, ഔചദി, പിയോ മണിയാരി, സൊബൊലി, മംഗേഷ് അതിര്‍ത്തികളും അടച്ചു. പകരം ലാംപൂര്‍ സഫിയാബാദ്, പല്ല, സിംഗു സ്‌കൂള്‍ ടോള്‍ ടാക്‌സ് അതിര്‍ത്തി വഴി വാഹനങ്ങള്‍ വരണം. മുകര്‍ബ, ജിടികെ വഴി വരുന്ന വാഹനങ്ങളും പൊലീസ് തിരിച്ചു വിടുന്നുണ്ട്.