ദൂര്‍ഗാപൂര്‍: പശ്ചിമബംഗാളിലെ പൊതുമേഖല സ്ഥാപനമായ ദൂര്‍ഗാപൂര്‍ സ്റ്റീല്‍ പ്ലാന്‍റില്‍ ഗ്യാസ് ലീക്കിനെ തുടർന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു. സജല്‍ ചൗഹാന്‍, സിന്ദു യാദവ്, സന്തോഷ് ചൗഹാന്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം.

വെസ്റ്റ് ബൂര്‍ദ്വാന്‍ ജില്ലയിലായിരുന്നു അപകടം. കരാർ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരാണ് മരിച്ചത്. അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിനിടെ സ്ഥാപനത്തിനെതിരെ ഗുരുതര സുരക്ഷ പ്രശ്നങ്ങള്‍ ആരോപിച്ച് തൊഴിലാളി സംഘടനകള്‍ രംഗത്ത് എത്തി. കൃത്യമായ പരിശീലനം നല്‍കാതെയാണ് തൊഴിലാളിളെ ജോലിക്ക് എടുക്കുന്നതെന്നും അഞ്ച് വര്‍ഷത്തിനിടെ സമാന രീതിയില്‍ ഒമ്പത് തൊഴിലാളികള്‍ മരിച്ചെന്നും ട്രേഡ് യൂണിയന്‍ നേതാവ് ഷേക്ക് സഹാബുദ്ദീന്‍ ആരോപിച്ചു.
പ്ലാന്‍റില്‍ ആധുനിക രീതിയിലുള്ള യാതൊരു സുരക്ഷ സംവിധാനങ്ങളുമില്ലെന്നും തൊഴിലാളി സംഘടനകൾ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മാനേജ്മെന്‍റ് അറിയിച്ചു. സ്ഥാപനത്തില്‍ നിരന്തരം ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നതിനുള്ള കാരണം കണ്ടെത്തുമെന്നും മാനേജ്മെന്‍റ് കൂട്ടിച്ചേര്‍ത്തു.