ന്യൂഡല്‍ഹി: ഉറപ്പായും കൊവിഡ് വ്യാപനത്തിന് മൂന്നാം ഘട്ടമുണ്ടാകുമെന്ന് കേന്ദ്ര പ്രിൻസിപ്പൽ സയന്‍റിഫിക് അഡ്വൈസർ കെ വിജയ് രാഘവൻ. പുതിയ കൊവിഡ് വകഭേദങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും പഴയതിനേക്കാള്‍ വേഗത്തില്‍ പകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വൈറസ് മാറുന്നതിനനുസരിച്ച് കൂടുതല്‍ വകഭേദങ്ങള്‍ സൃഷ്ടിക്കപ്പെടും. അത് യഥാര്‍ഥ വൈറസിനെ പോലെ തുടരുകയും ചെയ്യും.
അതിനാല്‍ മൂന്നാം തരംഗത്തെ തടയാന്‍ സാധിക്കില്ല, എന്നാല്‍ എപ്പോഴാണത് പൊട്ടിപ്പുറപ്പെടുകയെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏവരും മൂന്നാം ഘട്ടത്തെ പ്രതിരോധിക്കാന്‍ സജ്ജമായിരിക്കണം. ഇപ്പോള്‍ സ്വീകരിക്കുന്ന വാക്സിനുകള്‍ നിലവിലെ കൊവിഡ് വകഭേദത്തെ മാത്രമാണ് പ്രതിരോധിക്കുക. പുതുതായി ഉരുത്തിരിയുന്നവയെ അത് ചെറുക്കില്ലെന്നും വിജയ് രാഘവന്‍ പറഞ്ഞു.
Also Read: നാല്‍പ്പതിനായിരവും കടന്നു; സംസ്ഥാനത്ത് അതി തീവ്ര കൊവിഡ് വ്യാപനം
അതേസമയം 12 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിൽ കൂടുതലും 7 സംസ്ഥാനങ്ങളിൽ 50,000 മുതൽ ഒരുലക്ഷം വരെയും സജീവ കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. 17 സംസ്ഥാനങ്ങളിൽ 50,000 ൽ താഴെ സജീവ കേസുകളുണ്ട്. മഹാരാഷ്ട്ര, കേരളം, കർണാടക, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ 1.5 ലക്ഷത്തോളം സജീവ കേസുകളാണുള്ളത്.
ഒരാഴ്ചയ്ക്കിടെ 1.49 ലക്ഷം കേസുകൾ ബെംഗളൂരുവിൽ മാത്രം റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ 38,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചില ജില്ലകളിൽ വളരെ വേഗത്തിലാണ് രോഗവ്യാപനം. ഇതിൽ കോഴിക്കോട്, എറണാകുളം, ഗുരുഗ്രാം എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നതായും ലവ് അഗര്‍വാള്‍ വിശദീകരിച്ചു.