ഡെറാഡൂണ്‍ : കൊവിഡ് നിയന്ത്രിക്കാൻ ശക്തമായ ഇടപെടലുകള്‍ വേണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട്. മെയ് 7നകം ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ടും ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ സർക്കാർ ഹെൽത്ത് കാർഡുകളുടെ മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് ആരോഗ്യ ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കി. വീടുകളിൽ നിന്നുള്ള സാമ്പിൾ ശേഖരണത്തിന് ഊന്നല്‍ നൽകിക്കൊണ്ട് ഹൽദ്വാനി, ഡെറാഡൂൺ, നൈനിറ്റാൾ എന്നിവിടങ്ങളിൽ പ്രതിദിനം 30,000 മുതല്‍ -50,000 വരെ ആളുകളിലേക്ക് പരിശോധന വർധിപ്പിക്കണമെന്നും കോടതി പറഞ്ഞു.
അഭിഭാഷകൻ ദുഷ്യന്ത് മൈനാലി സമർപ്പിച്ച പൊതുതാൽപര്യ ഹർജി ചീഫ് ജസ്റ്റിസ് ആർ എസ് ചൗഹാൻ, ജസ്റ്റിസ് അലോക് കുമാർ വർമ എന്നിവരാണ് പരിഗണിച്ചത്. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശവസംസ്കാരത്തിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കിയ കോടതി അധിക ശ്മശാനങ്ങൾ ഒരുക്കാനും അവിടെ ആവശ്യത്തിന് വിറക് നൽകാനും സർക്കാരിനോട് ആവശ്യപ്പെട്ടു.
ഓരോ ജില്ലയിലെയും നോഡൽ ഓഫീസർമാരോടൊപ്പം സംസ്ഥാനത്തെ എല്ലാ ജില്ല മജിസ്‌ട്രേറ്റുമാരോടും അവരുടെ അധികാരപരിധിയിലുള്ള ആളുകൾക്ക് ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഭരണഘടനാപരവും ധാർമ്മികവുമായ ബാധ്യതയാണെന്ന് കോടതി വിലയിരുത്തി. അതിനാൽ, കോടതി പുറപ്പെടുവിച്ച ഉത്തരവുകൾക്ക് അനുസൃതമായി സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ആരോഗ്യ സെക്രട്ടറി മെയ് 7ന് മുമ്പ് സമർപ്പിക്കുകയും വേണം.