ന്യൂഡൽഹി: കൊവിഡിന്‍റെ പുതിയ വകഭേദം ആർടിപിസിആർ പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കുമോയെന്നതിൽ ആശങ്ക. ഡൽഹി ഹെൽവെറ്റിയ മെഡിക്കൽ സെന്‍ററിലെ കൺസൾട്ടന്‍റ് ഫിസിഷ്യൻ ഡോ. സൗരദിപ്‌ത ചന്ദ്രയാണ് ആശങ്ക പങ്കുവച്ചത്. പുതിയ വൈറസുകൾ പുതിയ രോഗലക്ഷണങ്ങൾ കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടോ അതിലധികമോ തവണ ജനിതകമാറ്റം സംഭവിച്ച വൈറസുകളാകാം ഇപ്പോൾ വ്യാപിക്കുന്നതെന്നും അവ ആർടിപിസിആർ പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കുന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയറിളക്കം, വയറുവേദന, തിണർപ്പ്, നേത്രരോഗം, മൂക്കിലും തൊണ്ടയിലൂടെയുമുള്ള രക്തസ്രാവം, കാൽവിരലുകളിലും കൈവിരലുകളിലുമുള്ള നീലനിറം എന്നിവയാണ് സാധാരണ ലക്ഷണങ്ങളേക്കാൾ അധികമായി അനുഭവപ്പെടുക. പരിശോധനാ ലാബുകളിലെ തിരക്ക് രോഗവ്യാപനത്തിനുള്ള മറ്റൊരു വലിയ കാരണമാകും. കൊവിഡിന്‍റെ പുതിയ വകഭേദത്തിന് വായുവിലൂടെയും വളരെ വേഗത്തിൽ പടരാൻ സാധിക്കും. രണ്ടാം കൊവിഡ് തരംഗത്തിന് അപകടസാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.