പനാജി: കൊവിഡ് വ്യാപനം മൂലം ഗോവയിലെ ഹോട്ടൽ, റെസ്റ്റോറന്‍റ് വ്യവസായം നഷ്‌ടത്തിലെന്ന് ഗോവ ഹോട്ടൽ, റെസ്റ്റോറന്‍റ് അസോസിയേഷൻ. നിലവിൽ 20 ശതമാനം വ്യവസായം മാത്രമാണ് നടക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡന്‍റ് ഗൗരിഷ് ദോണ്ട് പറഞ്ഞു. സംസ്ഥാനത്ത് വിവാഹങ്ങൾ, പാർട്ടികൾ, യോഗങ്ങൾ എന്നിവ പൂർണമായും നിർത്തലാക്കി. മറ്റ് സംസ്ഥാനങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയതിനാൽ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു. കുറച്ച് വിമാനങ്ങൾ മാത്രമാണ് ഗോവയിൽ ഇറക്കുന്നത്. കഴിഞ്ഞ മൂന്ന് നാല് മാസങ്ങളിൽ വ്യവസായം സാധാരണ ഗതിയിലേക്ക് എത്തിയതായിരുന്നു. എന്നാൽ കൊവിഡിന്‍റെ രണ്ടാം തരംഗം എല്ലാം തകിടംമറിച്ചു.
മഹാരാഷ്‌ട്ര, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവ് നിലച്ചുവെന്ന് ഗൗരിഷ് പറഞ്ഞു. രാത്രി കർഫ്യൂവും നിരോധനാജ്ഞയും കാരണമാണ് റെസ്റ്റോറന്‍റകൾ പൂട്ടേണ്ടി വന്നത്. എന്നാൽ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ നമ്മൾ ഒരുമിച്ചുനിന്നു പോരാടുകയും ഈ സമയം അതിജീവിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്ക്‌ഡൗൺ ഒരു പരിഹാരമല്ലെന്നും ഗോവയിൽ എല്ലാ നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവയിൽ രാത്രി 10 മുതൽ രാവിലെ ആറ് വരെ കർഫ്യൂ പ്രഖ്യാപിച്ചു. റെസ്റ്റോറന്‍റുകൾ, ബാറുകൾ, കാസിനോകൾ, സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളിൽ ഒരുസമയം 50 ശതമാനം ആളുകളെ മാത്രമാണ് അനുവദിക്കുക.